🔴 BREAKING..

നഗരസഭ പരിധിയിലെ തെരുവുനായ്ക്കളെ പിടികൂടി വാക്സിനെടുക്കുന്നതിന് തുടക്കമായി

നഗരസഭ പരിധിയിലെ തെരുവുനായ്ക്കളെ പിടികൂടി വാക്സിനെടുക്കുന്നതിന് തുടക്കമായി
വൈക്കം തോട്ടു വക്കത്തുനിന്ന് പിടികൂടിയ തെരുവുനായയ്ക്ക് വാക്സിനെടുക്കുന്നു

വൈക്കം: വൈക്കം നഗരത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിരവധി പേർക്ക് തെരുവുനായയുടെ കടിയേറ്റ് ഗുരുതരമായി പരിക്കേറ്റതും പേവിഷബാധയെ തുടർന്ന് ഏതാനും തെരുവുനായ്ക്കൾ ചത്തതും കണക്കിലെടുത്ത് നഗരസഭ പരിധിയിലെ 26 വാർഡിലെ തെരുവുനായ്ക്കളെയും പിടി കൂടി വാക്സിനെടുക്കുന്നതിന് തുടക്കമായി. ഗുജറാത്തു കേന്ദ്രീകരിച്ചുള്ള കാവ എന്ന പേരിലുള്ള സന്നദ്ധ സംഘടനയിൽ ഉൾപ്പെട്ട അഞ്ചംഗ സംഘമാണ് തെരുവു നായ്ക്കളെ പിടി കൂടി വാക്സിനെടുക്കാൻ എത്തിയത്. നായ്ക്കളെ പിടികൂടുന്നതിൽ പരിശീലനം നേടിയ മൂന്നു ഇതര സംസ്ഥാനക്കാരാണ് നായ്ക്കളെ വലയിലാക്കുന്നത്. വാക്സിനെടുക്കുന്നതും ഇവർ സഞ്ചരിക്കുന്ന വാഹനമോടിക്കുന്നതും മലയാളികളാണ്. വൈക്കംനഗരസഭയിലെ ജെ.എച്ച്.ഐ. ഗ്രേഡ് രണ്ട് ട്രയിനി ഹരികൃഷ്ണൻ ഇവരെ വിവിധവാർഡുകളിൽ കൊണ്ടുപോകും. ഇവർക്ക് താമസ സൗകര്യം മാത്രം ഏർപ്പെടുത്തിയാൽ മതി. പേവിഷബാധയേറ്റ നായകൾ ചത്ത പ്രദേശങ്ങളിലും തെരുവുനായയുടെ ആക്രമണത്തിൽ പരിക്കേറ്റവർ താമസിക്കുന്നിടങ്ങളിലും അക്രമാസക്തരായി കടിപിടികൂടി ഭീതിപരത്തുന്ന തെരുവുനായ്ക്കളെയുമാണ് ആദ്യഘട്ടത്തിൽ പിടികൂടി വാക്സിനെടുക്കുന്നത്. പിന്നാലെ മുഴുവൻ വാർഡുകളിലേയും തെരുവുനായ്ക്കൾക്ക് വാക്സിനെടുക്കും. വാക്സിനെടുത്ത നായയെ പിന്നീട് തിരിച്ചറിയുന്നതിനായി ദേഹത്ത് മാർക്ക് ചെയ്യും. ഇന്നലെ രാവിലെ ആറിന് നഗരസഭ 17-ാം വാർഡിലാണ് തെരുവുനായ്ക്കളെ പിടി കൂടി വാക്സിനെടുക്കുന്നതിന് തുടക്കം കുറിച്ചത്. നഗരസഭ മുൻ ചെയർപേഴ്സണും വാർഡ് കൗൺസിലറുമായ രാധികാ ശ്യാമും നാട്ടുകാരും നായ്ക്കളെ പിടികൂടി വാക്സിനെടുക്കുന്നതിനായി സന്നദ്ധ പ്രവർത്തകർക്കൊപ്പം കൂടി ആവശ്യമായ സഹായങ്ങൾ നൽകി. 17-ാം വാർഡിൽ നിന്ന് ഇന്നലെ 19നായ്ക്കളെ പിടികൂടി വാക്സിനെടുത്തു. കഴിഞ്ഞ ദിവസം പേവിഷ ബാധയേറ്റ് ചത്ത നായ കടിച്ചതിനെ തുടർന്ന് കൂട്ടിൽ നിരീക്ഷണത്തിലായിരുന്ന നായയാണ് ചത്തത്. ഇന്ന് നഗരസഭയിലെ 13, 20 വാർഡുകളിലും വാക്സിനേഷൻ പൂർത്തിയാക്കി സമയം ലഭിച്ചാൽ മറ്റൊരു വാർഡിൽ കൂടിപോയി തെരുവുനായ്ക്കൾക്ക് വാക്സിനെടുക്കാനാണ് സന്നദ്ധ സംഘടന പ്രവർത്തകരുടെ തീരുമാനം.