നിവിൻ പോളിക്ക് എതിരായ വഞ്ചനാ കേസ് ഹൈക്കോടതി സ്റ്റേ ചെയ്തു

തലയോലപ്പറമ്പ്: നടൻ നിവിൻ പോളിക്കും സംവിധായകൻ എബ്രിഡ് ഷൈനും എതിരെയുള്ള വഞ്ചനാ കേസ് ഹൈക്കോടതി സ്റ്റേ ചെയ്തു. തലയോലപ്പറമ്പ് സ്വദേശിയായ നിർമ്മാതാവ് പി.എസ് ഷംനാസ് നൽകിയ പരാതിയിൽ തലയോലപ്പറമ്പ് പോലീസ് രജിസ്റ്റർ ചെയ്ത കേസ്സാണ് സ്റ്റേ ചെയ്തത്. ആക്ഷൻ ഹീറോ ബിജു 2 സിനിമയുടെ നിർമ്മാണത്തിൻ്റെ പേരിൽ ഒരുകോടി 90 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയിലാണ് തലയോലപ്പറമ്പ് പോലീസ് ഇരുവർക്കുമെതിരെ സാമ്പത്തിയ തട്ടിപ്പ് കേസ് രജിസ്റ്റർ ചെയ്തത്. നിർമ്മാതാവ് വൈക്കം കോടതിയിൽ കേസ് ഫയൽ ചെയ്യുകയും ഇത് തലയോലപ്പറമ്പ് പോലീസിന് കൈമാറുകയുമായിരുന്നു. തുടർന്ന് കഴിഞ്ഞ 17 ന് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇരുവർക്കും നോട്ടീസ് അയക്കുകയുമായിരുന്നു. അതെ സമയം സിനിമ നിർമ്മാണവുമായി ബന്ധപ്പെട്ട് തൻ്റെ വ്യാജ ഒപ്പിട്ട് രേഖ നിർമ്മിച്ച ശേഷം ആക്ഷൻ ഹീറോ ബിജു 2 സിനിമയുടെ ചിത്രീകരണം നടന്ന് വരുന്നതിനിടെ യഥാർഥ കരാർ എന്ന തരത്തിൽ കേരള ഫിലിം ചേമ്പർ ഓഫ് കോമേഴ്സി സമർപ്പിച്ച് ചിത്രം രജിസ്റ്റർ ചെയ്ത സംഭവത്തിൽ നിർമ്മാതാവിനെതിരെ നടൻ നിവിൻ പോളി പോലീസിൽ പരാതി നൽകിയിരുന്നു. എറണാകുളം സിറ്റി ജില്ലാ പോലീസ് മേധാവിക്ക് നൽകിയ പരാതിയിൽ പാലാരിവട്ടം പോലീസ് ഇന്ത്യൻ മൂവി മേക്കേഴ്സ് ഉടമക്കെതിരെ വഞ്ചനാകുറ്റത്തിന് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.