|
Loading Weather...
Follow Us:
BREAKING

നിയന്ത്രണം വിട്ട കാർ ടാങ്കർ ലോറിയിലും ബൈക്കിലും ഇടിച്ച് അപകടം: 4 പേർക്ക് പരിക്ക്

നിയന്ത്രണം വിട്ട കാർ ടാങ്കർ ലോറിയിലും ബൈക്കിലും ഇടിച്ച് അപകടം: 4 പേർക്ക് പരിക്ക്
അപകടത്തിൽപ്പെട്ട കാർ

തലയോലപ്പറമ്പ്: നിയന്ത്രണം വിട്ട കാർ എതിരെ വന്ന ടാങ്കർ ലോറിയിൽ ഇടിച്ച ശേഷം തെറിച്ച് പിന്നാലെ എത്തിയ ബൈക്കിലും ഇടിച്ചുണ്ടായ അപകടത്തിൽ കാർ യാത്രികരായ മൂന്നംഗ കുടുംബത്തിനും ബൈക്ക് യാത്രികനും പരിക്കേറ്റു. അപകടത്തിന് ഇടയാക്കിയ കാർ സ്വകാര്യ വ്യക്തിയുടെ മതിലിൽ ഇടിച്ചാണ് നിന്നത്. കാർ യാത്രികരായ ചെങ്ങന്നൂർ സ്വദേശികളായ രാധാകൃഷ്ണൻ (62), ഭാര്യ സുശീല (60), മകൾ സുരഭി (27), എസ്.ഐ.ആർ ജോലിയുടെ ഭാഗമായി ബൈക്കിൽ പോകുകയായിരുന്ന ബി.എൽ.ഒ തലയോലപ്പറമ്പ് സ്വദേശി സജേഷ് (44) എന്നിവർക്കാണ് പരിക്കേറ്റത്. വ്യാഴാഴ്ച ഉച്ചയ്ക്ക് 2 മണിയോടെ തലപ്പാറ-വെട്ടിക്കാട്ട് മുക്ക് റോഡിൽ കൊങ്ങിണി മുക്കിന് സമീപമാണ് അപകടം. സാരമായി പരിക്കേറ്റ നാല് പേരെയും ഉടൻ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചെങ്ങന്നൂരിൽ നിന്നും ചോറ്റാനിക്കര ഭാഗത്തേക്ക്  പോകുകയായിരുന്നു കാർ യാത്രികർ. മരടിൽ നിന്നും പെട്രോൾ ലോഡുമായി കോട്ടയം ഭാഗത്തേക്ക് പോകുകയായിരുന്ന ടാങ്കർ ലോറിയിലേക്ക് കാർ നിയന്ത്രണം വിട്ട് ഇടിച്ച് കയറുകയായിരുന്നു. കാർ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. ഇടിയുടെ ആഘാതത്തിൽ കാറിൻ്റെ മുൻവശം പൂർണ്ണമായും തകർന്നു. അപകടത്തെ തുടർന്ന് പ്രധാന റോഡിൽ അരമണിക്കൂറോളം ഗതാഗതം ഭാഗീകമായി തടസ്സപ്പെട്ടു. തലയോലപ്പറമ്പ് പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. കാറിടിച്ചതിനെ തുടർന്ന് മിടായിക്കുന്നം പാലച്ചുവട്ടിൽ ജയിംസിൻ്റെ വീടിൻ്റെ മുൻവശത്തെ മതിലിൻ്റെ ഒരു ഭാഗം പൂർണ്ണമായി തകർന്നു.