നിയന്ത്രണം വിട്ട ഓട്ടോറിക്ഷ കടയിൽ ഇടിച്ചു കയറി: ഡ്രൈവർക്ക് പരിക്ക്

വൈക്കം: അമിത വേഗത്തിൽ എത്തിയ ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് എതിരെ വന്ന വാഹനങ്ങളിൽ ഇടിച്ച ശേഷം റോഡരികിലെ കടയിൽ ഇടിച്ചു കയറി. അപകടത്തിൽ പരിക്കേറ്റ ഓട്ടോ ഡ്രൈവറെ വൈക്കം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വൈക്കം വലിയ കവലയിൽ വൈകിട്ട് 5 മണിയോടെയാണ് അപകടം. ഓട്ടോറിക്ഷാ ഡ്രൈവർ കടുത്തുരുത്തി വെള്ളാശ്ശേരി നിഥിൻ (34) നാണ് പരിക്കേറ്റത്. നിയന്ത്രണം വിട്ട ഓട്ടോ സ്കൂട്ടറിലും തുടർന്ന് കാറിലും കപ്പലണ്ടി വ്യാപാരിയുടെ വണ്ടിയിലും ഇടിച്ച ശേഷം റോഡരികിലെ പെറ്റ് ഷോപ്പിലേക്ക് കയറുകയായിരുന്നു. വാഹനം വരുന്നത് കണ്ട് കടയുടമയും ഇതിന് മുൻവശത്ത് നിന്നവരും ഉടൻ ഓടി മാറിയതിനാൽ വൻ അപകടം ഒഴിവായി. ഇടിയുടെ ആഘാതത്തിൽ കടയുടെ മുൻവശത്തെ ഗ്ലാസ് പൂർണ്ണമായി തകർന്നു. ഫർണീച്ചറുകൾക്കും വില്പനക്കായി വച്ചിരുന്ന ഉത്പ്പന്നങ്ങൾക്കും നാശനഷ്ടം സംഭവിച്ചു. വൈക്കം പോലീസ് മേൽനടപടി സ്വീകരിച്ചു.