വിവിധ ക്ഷേമ പദ്ധതികളുമായി വൈക്കം താലൂക്ക് എന്‍.എസ്.എസ്. യൂണിയന്‍ ബജറ്റ്
വൈക്കം: സമുദായത്തിലെ യുവജനതയ്ക്ക് ദിശാബോധം നല്‍കുന്നതും വനിതാ-വയോജന ക്ഷേമത്തിന് ഊന്നല്‍ നല്‍കുന്നതുമായ ബജറ്റിന് വൈക്കം താലൂക്ക് എന്‍.എസ്.എസ് യൂണിയന്‍ പൊതുയോഗം അംഗീകാരം നല്‍കി. താലൂക്ക് ആസ്ഥാനത്ത് നടന്ന ബജറ്റ് സമ്മേളനം യൂണിയന്‍ പ്രസിഡന്റ് പി.ജി.എം. നായര്‍ കാരിക്കോട് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി അഖില്‍ ആര്‍.നായര്‍ ബജറ്റ് അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് പി. വേണുഗോപാല്‍ അധ്യക്ഷത വഹിച്ചു. രണ്ട് കോടി രൂപാ വരവും അത്ര തന്നെ ചെലവും വരുന്ന ബജറ്റില്‍ യൂണിയന്‍ നവതി ആഘോഷങ്ങളുടെ ഭാഗമായി യുവജനങ്ങള്‍ക്ക് ജീവിത വിജയം പ്രദാനം ചെയ്യുവാന്‍ കഴിയുന്ന യുവത്വം വിവേകാനന്ദം പദ്ധതി, നിര്‍ദ്ധന വനിതകള്‍ക്കുള്ള വിവാഹ സഹായം, ഭവന നിര്‍മാണ പദ്ധതി, സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന മിടുക്കരായ വിദ്യാര്‍ഥികള്‍ക്കുള്ള സൗജന്യ പഠന സഹായം, വയോജന സൗഹൃദ സംവിധാനം, വിവാഹ വേദി, പ്രതിഭാ സംഗമം തുടങ്ങി ഒട്ടേറെ പരിപാടികള്‍ വിഭാവനം ചെയ്യുന്നു. താലൂക്കിലെ പതിമൂന്ന് പഞ്ചായത്ത് മേഖലകളിലും വൈക്കം മുനിസിപ്പാലിറ്റി മേഖലയിലും കരയോഗങ്ങളിലും യൂണിയന്‍ നവതി ആഘോഷങ്ങളുടെ ഭാഗമായി വിവിധ ക്ഷേമ- വികസന പരിപാടികള്‍ സംഘടിപ്പിക്കുവാന്‍ യോഗം തീരുമാനിച്ചു. കരയോഗ-യൂണിയന്‍ തലങ്ങളില്‍ ഹ്യൂമണ്‍ റിസോഴ്സ് സെന്ററുകള്‍, ആദ്ധ്യാത്മിക വിഭാഗം എന്നിവ ശക്തിപ്പെടുത്തും. യൂണിയന്‍ തലത്തില്‍ സമ്പൂര്‍ണ്ണ ഡിജിറ്റലൈസേഷന്‍, സോളര്‍ സ്ഥാപിക്കല്‍, പരിസ്ഥിത സൗഹൃദ ചെറുകിട വ്യവസായ സംരംഭക പ്രോത്സാഹനം എന്നിവയും വിഭാവനം ചെയ്യുന്നു. ടി.എ. ജയകുമാര്‍, എന്‍.ജി. ബാലചന്ദ്രന്‍, എസ്. ജയപ്രകാശ്, കൃഷ്ണന്‍കുട്ടി നായര്‍, മോഹന്‍ദാസ് വെച്ചൂര്‍, ലക്ഷ്മണകുമാര്‍, രാധാകൃഷ്ണകുമാര്‍, എസ്. മുരുകേശ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
Comments ()