ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞു
വൈക്കം: നിയന്ത്രണം വിട്ട് ഓട്ടോറിക്ഷ തോട്ടിലേക്ക് മറിഞ്ഞു. യാത്രക്കാരെ ഇറക്കിയ ശേഷം തിരികെ പോകുകയായിരുന്നതിനാൽ ഒഴിവായത് വൻ ദുരന്തം. വൈക്കം കണിയാംതോട് പാലത്തിന് സമീപം ബുധനാഴ്ച രാത്രി 9.30 ഓടെയാണ് അപകടം. ചോറ്റാനിക്കരയിൽ നിന്നും വൈക്കത്തേക്ക് ഓട്ടം എത്തിയ 4 അംഗ കുടുംബത്തെ വൈക്കം ആയുർവേദ ആശുപത്രിക്ക് സമീപം ഇറക്കിയ ശേഷം തിരികെ മടങ്ങുന്നതിനിടെയാണ് ഓട്ടോ അപകടത്തിൽപ്പെട്ടത്. ദിശ അറിയാതെ ഓട്ടോ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിയുകയായിരുന്നു. ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാർ ഓട്ടോ ഡ്രൈവർ ചോറ്റാനിക്കര സ്വദേശി ബിജു മാത്യൂ (48) നെ രക്ഷപ്പെടുത്തി. ഇയാളെ വൈക്കം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രഥമിക ശുശ്രൂഷ നൽകി. തുടർന്ന് ക്രെയിൻ എത്തിച്ച് രാത്രിയോടെ തോട്ടിൽ മുങ്ങിത്താഴ്ന്ന ഓട്ടോ കരയ്ക്ക് കയറ്റി. സംഭവം അറിഞ്ഞ് വൈക്കം പോലീസ് സ്ഥലത്തെത്തിയിരുന്നു.