|
Loading Weather...
Follow Us:
BREAKING

പൊതു കടവിലേക്കുള്ള വഴി മതിൽ കെട്ടി അടയ്ക്കാനുളള റിസോർട്ട് ഉടമയുടെ നീക്കം മത്സ്യ തൊഴിലാളികൾ തടഞ്ഞു

പൊതു കടവിലേക്കുള്ള വഴി മതിൽ കെട്ടി അടയ്ക്കാനുളള റിസോർട്ട് ഉടമയുടെ നീക്കം മത്സ്യ തൊഴിലാളികൾ തടഞ്ഞു
മറവൻതുരുത്ത് പഞ്ചായത്തിലെ തറവട്ടം കക്കാതോട് പാലത്തിനു സമീപം പൊതു കടവിലേക്കുള്ള വഴി മതിൽ കെട്ടി അടക്കാനുള്ള സ്വകാര്യ റിസോർട്ട് ഉടമയുടെ നീക്കം മത്സ്യ തൊഴിലാളികൾ തടഞ്ഞപ്പോൾ

മറവൻതുരുത്ത്: മത്സ്യ തൊഴിലാളികളുടെ വള്ളം അടുപ്പിക്കുന്ന പൊതു കടവിലേക്കുള്ള വഴി വാഹനം കടക്കാത്ത തരത്തിൽ മതിൽ കെട്ടി അടക്കാനുള്ള സ്വകാര്യ റിസോർട്ട് ഉടമയുടെ നീക്കം  തൊഴിലാളികൾ തടഞ്ഞു. മറവൻതുരുത്ത് പഞ്ചായത്തിലെ തറവട്ടം ഭാഗത്ത് കക്കാതോട് പാലത്തിനു സമീപത്താണ് സംഭവം. വർഷങ്ങളായി കക്കാ, മത്സ്യ തൊഴിലാളികൾ തങ്ങളുടെ വള്ളം അടുപ്പിച്ച് മത്സ്യവും, കക്കയും വാഹനത്തിൽ കയറ്റുന്ന കടവാണിത്. 80 മീറ്റർ നീളത്തിൽ കൽക്കെട്ടും 8 മീറ്റർ നീളത്തിൽ കൽപ്പടവും 12 ലക്ഷം രൂപ വിനിയോഗിച്ച് 2023 ലാണ് ജില്ല പഞ്ചായത്ത് നിർമിച്ചത്.

കൽപ്പടവിനോടു ചേർന്ന് മതിൽ നിർമിച്ചാൽ പെട്ടി ഓട്ടോ പോലും കടവിലേക്ക് എത്തിക്കാൻ പറ്റാത്ത സാഹചര്യം ഉണ്ടാകുമെന്ന് തൊഴിലാളികൾ പറയുന്നു. ബുധനാഴ്ച പുലർച്ചെ മത്സ്യബന്ധനം കഴിഞ്ഞ് തൊഴിലാളികൾ മടങ്ങി എത്തിയപ്പോഴാണ് മതിൽ കെട്ടുന്നത് ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് പ്രതിക്ഷേധവുമായി മത്സ്യ തൊഴിലാളികൾ രംഗത്ത് വരികയായിരുന്നു. തൊഴിലാളികളായ കെ.ആർ. ഷാജി, കെ.ഡി. സുരേഷ്, വിനു, സുഭാഷ്, ജയൻ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. പ്രതിഷേധം ശക്‌തമായതോടെ മതിലിൻ്റെ നിർമാണവും തൊഴിലാളികൾ നിർത്തിവച്ചു. പ്രദേശത്ത് സംഘർഷാവസ്ഥ വന്നതോടെ വൈക്കം പോലീസ് സംഭവ സ്ഥലത്ത് എത്തി പ്രശ്‌ന പരിഹാരത്തിന് ഇരു കൂട്ടരും നാളെ വൈക്കം പോലീസ് സ്‌റ്റേഷനിൽ എത്തണമെന്ന് നിർദ്ദേശം നൽകി മടങ്ങി.  പഴയകാലത്ത് ഇവിടെ പ്രവർത്തിച്ചിരുന്ന കയർ സഹകരണ സംഘം വക സ്‌ഥലത്താണ് റിസോർട്ട് മതിൽ കെട്ടാനുള്ള നീക്കം നടത്തിയത്. റിസോർട്ട് ഉടമയുടെ പേരിലുള്ള സ്‌ഥലം അളന്നു തിട്ടപ്പെടുത്തി മതിൽ നിർമിക്കുന്നതിൽ എതിർപ്പില്ലെന്നും നിലവിൽ കെട്ടാൻ ഉദ്ദേശിക്കുന്ന രീതിയിൽ മതിൽ കെട്ടിയാൽ ചെറിയ ഉന്തുവണ്ടിയിൽ പോലും വള്ളത്തിൽ നിന്നും മത്സ്യം, കക്ക എന്നിവ റോഡിലേക്ക് എത്തിക്കാൻ പറ്റാത്ത സാഹചര്യം ഉണ്ടാകുമെന്നും ഗ്രാമ പഞ്ചായത്ത് അംഗം വി.ആർ. അനിരുദ്ധൻ പറഞ്ഞു.