പശുക്കിടാവ് ഷോക്കേറ്റ് ചത്തു
വൈക്കം: പാടശേഖരത്തിൽ കെട്ടിയിരുന്ന പശു കിടാവ് ചത്ത നിലയിൽ. പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്നും ഷോക്കേറ്റ് ആണെന്നാണ് സംശയിക്കുന്നത്. മറവൻതുരുത്തിലെ വാളമ്പള്ളിച്ചാൽ പാടശേഖരത്തിലാണ് ഞായറാഴ്ച കിടാവ് ചത്ത് കിടന്നത്. മറവൻതുരുത്ത് ബിനു ഭവനത്തിൽ ബിനുവിൻ്റെ പശുക്കിടാവാണ് ചത്തത്. ഒരു പശുവിനെയും രണ്ട് കിടാക്കളെയുമാണ് പാടശേഖരത്തിൽ ഞായറാഴ്ച രാവിലെ ഇവർ കെട്ടിയിരുന്നത്. വൈകിട്ട് അഴിക്കാൻ ചെന്നപ്പോഴാണ് ഒരു പശുക്കിടാവ് ചത്ത് കിടക്കുന്നതായി കണ്ടത്. കഴുത്തിന് ചുറ്റും വൈദ്യുതാഘാതമേറ്റ കരുവാളിച്ച പാടുണ്ടായിരുന്നതായി പറയുന്നു. പരിശോധനയിൽ വൈദ്യുതി ലൈൻ പൊട്ടിക്കിടക്കുന്നത് കണ്ട് കെ.എസ്.ഇ.ബി അധികൃതരെ അറിയിച്ചതായും വൈദ്യുതി ലൈൻ ഓഫ് ചെയ്തതിനുശേഷമാണ് ചത്ത് കിടന്ന പശുക്കിടാവിനെ അവിടെനിന്നും നീക്കിയതെന്നുമാണ് വീട്ടുകാർ നൽകുന്ന വിവരം.