പുള്ളി സന്ധ്യവേല സമാപിച്ചു: ഇനി മുഖ സന്ധ്യവേലകൾ
ആർ. സുരേഷ് ബാബു
വൈക്കം: ക്ഷേത്രനഗരിയുടെ വിശുദ്ധിയാർന്ന സന്ധ്യകൾക്ക് മേളപ്പൊലിമ. വൈക്കം മഹാദേവ ക്ഷേത്രത്തിലെ അഷ്ടമി ഉൽസവത്തിന്റെ മുന്നോടിയായി നടന്നു വന്ന പുള്ളി സന്ധ്യവേല സമാപിച്ചു. മുഖസന്ധ്യവേലയുടെ കോപ്പുതൂക്കൽ നടന്നു. ക്ഷേത്ര കലവറയിൽ ദീപം തെളിച്ച് വിഘ്നേശ്വരനെ സങ്കൽപ്പിച്ച് തൂശനിലയിൽ പൂവൻ പഴം സമർപ്പിച്ച ശേഷമാണ് കോപ്പുതൂക്കൽ നടത്തിയത്. വൈക്കത്തഷ്ടമി, സന്ധ്യവേല എന്നിവയ്ക്ക് മുന്നോടിയായി ആചാര പ്രകാരം ക്ഷേത്രത്തിൽ നടക്കുന്ന ചടങ്ങാണ് കോപ്പു തൂക്കൽ. ക്ഷേത്രത്തിലെ ആട്ടവിശേഷമായി വരുന്ന അടിയന്തരങ്ങൾക്ക് മുന്നോടിയായി വൈക്കത്തപ്പനും ഉപദേവതമാർക്കും വിശേഷാൽ വഴിപാട് നടത്തിയ ശേഷമാണ് കോപ്പു തൂക്കൽ നടത്തുന്നത്. ദേവസ്വം ഭരണാധികാരിയായ ഡെപ്യൂട്ടി ദേവസ്വം കമ്മിഷണർ എൻ. ശ്രീധര ശർമ്മ ക്ഷേത്രത്തിലെ അടിയന്തരങ്ങൾക്ക് ആവശ്യമായ സാധനങ്ങൾ അളന്ന് തൂക്കി അഡ്മിനിസ്ട്രേറ്റിവ് ഓഫിസർ ജെ.എസ്. വിഷ്ണുവിനെ എൽപ്പിച്ചു. പ്രതീകാത്മകമായി മംഗള വസ്തുക്കളായ മഞ്ഞളും ചന്ദനവും അളന്ന് ഏൽപ്പിച്ചതോടെ ചടങ്ങുകൾക്ക് വീഴ്ച വരാതെ നടത്തുന്നതിന് ക്ഷേത്ര കാര്യക്കാരനായ അഡ്മിനിസ്ട്രേറ്റിവ് ഓഫിസർ ഏറ്റുവാങ്ങുന്നതായാണ് വിശ്വാസം. ചടങ്ങിൽ അസിസ്റ്റൻഡ് കമ്മിഷണർ സി.എസ്. പ്രവീൺ കുമാറും പങ്കെടുത്തു.
മുഖ സന്ധ്യ വേല നാളെ ആരംഭിക്കും. മുഖ സന്ധ്യ വേല തുടർച്ചയായി നാല് ദിവസമായാണ് നടക്കുക. വർഷങ്ങൾക്ക് മുൻപ് ഏറ്റുമാനൂർ, തെക്കുംകൂർ, അമ്പലപ്പുഴ, തിരുവല്ല എന്നി നാട്ടുരാജാക്കൻമാർ നടത്തിയിരുന്നതാണ് മുഖ സന്ധ്യവേല. തുലാമാസത്തിലെ രേവതി നക്ഷത്രത്തിൽ തുടങ്ങി കാർത്തിക നാളിൽ സമാപിക്കുന്ന രീതിയിൽ നടത്തുന്ന മുഖ സന്ധ്യവേല നിലവിൽ ദേവസ്വത്തിന്റെ അടിയന്തരമാണ്. രാവിലെയും വൈകിട്ടും ആനപ്പുറത്തെഴുന്നള്ളിപ്പ്, മണ്ഡപത്തിൽ വാരമിരിക്കൽ, പ്രാതൽ, വിളക്ക് എന്നിവയാണ് സന്ധ്യ വേലയുടെ ചടങ്ങുകൾ.
സമൂഹ സന്ധ്യവേലകൾ 26 മുതൽ
26 ന് വൈക്കം സമൂഹത്തിന്റെ സന്ധ്യ വേല, ഒറ്റപ്പണ സമർപ്പണം, 28 ന് തെലുങ്ക് സമൂഹം, 29 ന് തമിഴ് വിശ്വബ്രഹ്മ സമാജം, 30ന് വടയാർ സമൂഹത്തിന്റെ സന്ധ്യവേലയും ഒറ്റപ്പണ സമർപ്പണവും എന്നിങ്ങനെയാണ് സമൂഹ സന്ധ്യവേലകൾ.
കൊടിയേറ്ററിയിപ്പ് 30 ന്
30 ന് രാവിലെ 8 ന് പന്തിരടി പൂജക് ശേഷം അവകാശിയായ മൂസത് ചമയങ്ങളില്ലാത്ത ആനപ്പുറത്തെഴുന്നള്ളി പെരുമ്പള്ളിയാഴത്ത് മനയെ പ്രതിനിധീകരിച്ച് അയ്യർകുളങ്ങര ദേവീ ക്ഷേത്രത്തിലും ഇണ്ടംതുരുത്തി മനയിലും ഉദയനാപുരം ക്ഷേത്രത്തിലും വൈക്കം ക്ഷേത്രത്തിലെ കൊടിയേറ്റ് വിവരം അറിയിക്കും. രാവിലെ 10നും 11.30നും ഇടയിൽ ക്ഷേത്ര കലവറയിൽ അഷ്ടമിയുടെ കോപ്പുതൂക്കലും നടത്തും. വൈകിട്ട് 5ന് സംയുക്ത എൻ.എസ്.എസ് കരയോഗങ്ങളുടെ ആഭിമുഖ്യത്തിൽ കുലവാഴപുറപ്പാട്.
വൈക്കത്തഷ്ടമി: കൊടിയേറ്റ് ഡിസം1 ന്വൈക്കത്തഷ്ടമിയുടെ കൊടിയേറ്റ് ഡിസം1 ന് രാവിലെ 6.30 നും 7.30 നും ഇടയിൽ നടക്കും.
അഷ്ടമി12 ന്
വൈക്കത്തഷ്ടമി ഡിസം. 12 ന്. രാവിലെ 4.30 ന് അഷ്ടമി ദർശനം, രാത്രി 10 ന് ഉദയനാപുരത്തപ്പന്റെ വരവ്, അഷ്ടമി വിളക്ക്, വലിയ കാണിക്ക, ഉദയനാപുരത്തപ്പന്റെ യാത്രയയപ്പ്, വിടപറയൽ
ആറാട്ട് 13 ന്
13 ന് വൈകിട്ട് 5ന് ആറാട്ടെഴുന്നള്ളിപ്പ്, 8ന് ആറാട്ട്, രാത്രി 10 ന് ഉദയനാപുരം ക്ഷേത്രത്തിൽ കൂടിപ്പൂജ,14 ന് രാവിലെ 11 മുക്കുടി നിവേദ്യം
അഷ്ടമി: പ്രധാന ചടങ്ങുകൾ
1 ന് രാത്രി 10 ന് കൊടിപ്പുറത്ത് വിളക്ക്, 5, 6, 8, 11 തീയതികളിൽ ഉച്ചയ്ക്ക് 12 ന് ഉത്സവബലി ദർശനം, 7 രാത്രി 11ന് ഋഷഭ വാഹനമെഴുന്നള്ളിപ്പ്, 8,9 തീയതികളിൽ വടക്കും ചേരിമേൽ, തെക്കും ചേരിമേൽ എഴുന്നള്ളിപ്പ്, 9 ന് വൈകിട്ട് 5ന് കാഴ്ച ശ്രീബലി, 10 ന് രാവിലെ 10 ന് വലിയശ്രീബലി, രാത്രി 11 ന് വലിയവിളക്ക്'
ഉദയനാപുരത്ത് തൃക്കാർത്തിക
ഉദയനാപുരം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ നവം 26 ന് രാവിലെ 6.30 നും 7.45 നും ഇടയിൽ കൊടിയേറും. ഡിസം. 4 നാണ് തൃക്കാർത്തിക. 5 ന് ആറാട്ട്. ഉൽസവത്തിന്റെ കോപ്പു തൂക്കൽ നവം.25 ന് രാവിലെ 10.05 നും 11.45 നും ഇടയിൽ നടത്തും. കൊടിയേറ്ററിയിപ്പ് നവം.25 ന്.