റെയിൽവേ ഗേറ്റ് അടച്ചതിനെതിരെ പ്രതിഷേധം ശക്തമാകുന്നു
എസ്. സതീഷ്കുമാർ
വൈക്കം: വെള്ളൂരിലെ പിറവം റോഡ് റെയിൽവേ സ്റ്റേഷനു സമീപത്തെ കലയത്തും കുന്ന്കുളം - കല്ലുങ്കൽ റോഡിലെ റെയിൽവേ ഗേറ്റ് അടച്ചതിനെതിരെ പ്രതിഷേധം ശക്തമാവുന്നു. അറ്റകുറ്റ പണി യുടെ പേര് പറഞ്ഞ് ഒരു മാസമായി ഗേറ്റ് അടച്ച് പ്രദേശവാസികളുടെ യാത്രാ മാർഗ്ഗം റെയിൽവേ തടഞ്ഞെന്നാണ് പരാതി. യാത്രാ മാർഗ്ഗം അടച്ചതല്ലാതെ ഇതുവരെ യാതൊരു അറ്റകുറ്റപണിയും റെയിൽവ്വെ നടത്തിയിട്ടുമില്ല. രണ്ട് കുടുംബങ്ങളുടെ യാത്രാമാർഗ്ഗം പൂർണ്ണമായി അടഞ്ഞ സ്ഥിതിയാണ്. ഗേറ്റ് അടച്ചതോടെ സമീപത്തെ 100 ഏക്കറിൽ അധികം വരുന്ന കോളകം പാടശേഖരത്തിലേക്ക് വിത്തും വളവും മറ്റ് കാർഷിക ഉപകരണങ്ങളും എത്തിക്കാനും കർഷകർ ബുദ്ധിമുട്ടുകയാണ്. നിലവിൽ സമീപവാസികൾക്ക് രോഗികളായവരെ ആശുപത്രിയിലെത്തിക്കാനും ഏറെ ദൂരം സഞ്ചരിക്കേണ്ട സ്ഥിതിയാണ്. പശുവളർത്തൽ, കൃഷിയും ഉപജീവനമാക്കിയവരാണ് ഇവിടെ അധികവുമുള്ളത്. പാടത്തു പോയി കന്നുകാലികൾക്ക് പുല്ലരിഞ്ഞ് ഇരുചക്ര വാഹനങ്ങളിലാണ് ഇവർ വീടുകളിൽ എത്തിച്ചിരുന്നത്. ഇതിനും കഴിയാത്ത സ്ഥിതിയിലാണ് പ്രദേശവാസികൾ. ഇരട്ടവരി റയിൽ പാതയാണ് ഇതുവഴി കടന്നുപോകുന്നത്. ഗേറ്റ് അടഞ്ഞു കിടക്കുന്നതിനാൽ ട്രയിൻ വരുന്ന സമയമറിയാതെ നടന്ന് പാളം മുറിച്ചുകടക്കുമ്പോൾ അപകടം സംഭവിക്കാനുള്ള സാധ്യതയും ഏറെയാണ്.
ഗേറ്റ് തുറക്കുന്നതിന് അധികൃതർ നടപടി സ്വീകരിക്കണമെന്ന് പ്രദേശവാസികൾ നിരന്തരം ആവശ്യപ്പെട്ടിട്ടും അധികൃതർ മുഖവിലയ്ക്കടുക്കുന്നില്ല. ജനങ്ങളുടെ ദുരിതം കണക്കിലെടുത്ത് റയിൽവേ അധികൃതർ ഗേറ്റ് തുറക്കാൻ നടപടി സ്വീകരിക്കാത്തതാണ് പ്രതിഷേധം ശക്തമാവാൻ കാരണം. കോൺഗ്രസ് പ്രവർത്തകരുടെ നേതൃത്വത്തിൽ ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് അംഗങ്ങൾ സൂചനാ പ്രതിഷേധം സംഘടിപ്പിച്ചു. ഇനിയും റയിൽവേ ഗേറ്റ് തുറക്കാൻ നടപടി എടുത്തില്ലെങ്കിൽ ശക്തമായ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കാനാണ് തീരുമാനം. കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കുര്യാക്കോസ് തോട്ടത്തിൽ ജില്ലാ പഞ്ചായത്ത് അംഗം വിജയമ്മ ബാബു, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എം.വി. റോയി, സജിത പി. കെ, അനുറാവുജി, ബിന്ദു സണ്ണി, കോൺഗ്രസ് നേതാക്കളായ എം.ആർ ഷാജി, ജയേഷ് മാമ്പള്ളി, സി.ജി. ബിനു, പി.കെ. രാജൻ, ടി.കെ. സജി മോൻ, പ്രകാശൻ എന്നിവരുടെ നേതൃത്വത്തിലാണ് സൂചനാപ്രതിഷേധ കൂട്ടായ്മ നടന്നത്. പ്രതിഷേധ കൂട്ടായ്മയിൽ പ്രദേശ വാസികളായ സ്ത്രീകളും കുട്ടികളുമടക്കമുള്ളവരും പങ്കെടുത്തു.