|
Loading Weather...
Follow Us:
BREAKING

റെയിൽവേ ഗേറ്റ് തുറക്കാത്തതിൽ പ്രതിഷേധം ശക്തം

റെയിൽവേ ഗേറ്റ് തുറക്കാത്തതിൽ പ്രതിഷേധം ശക്തം
പൊതി കല്ലുങ്കൽ റയിൽവെ ഗേറ്റ് തുറക്കാത്തതിൽ പ്രതിഷേധിച്ച് നാട്ടുകാർ റെയിൽവേയുടെ വാഹനം തടയുന്നു

എസ്. സതീഷ്കുമാർ

തലയോലപ്പറമ്പ്: അറ്റകുറ്റപ്പണിയുടെ പേരിൽ പൊതി കല്ലുങ്കൽ റയിൽവെ ഗേറ്റ് അടച്ചത് ഒരു മാസം കഴിഞ്ഞിട്ടും തുറക്കാത്തതിൽ പ്രതിഷേധിച്ച് റയിൽവേ വാഹനം നാട്ടുകാർ തടഞ്ഞു.

0:00
/1:40

ഇന്നലെ വൈകിട്ടായിരുന്നു സംഭവം. ഇതുവരെ യാതൊരുവിധ അറ്റകുറ്റപ്പണികളും നടത്താതെ ഗേറ്റ് അടച്ചിട്ടിരിക്കുന്നത പ്രദേശത്തേക്കുള്ള വാഹന ഗതാഗതം തടസപ്പെടുത്തിയിരുന്നു. നിലവിൽ വലിയ വാഹനങ്ങൾ ഒന്നും കടന്നു വരാത്ത ഈ പ്രദേശത്ത് ഈ ഗേറ്റ് അടച്ചതോടുകൂടി രണ്ട് കുടുംബങ്ങളുടെ സഞ്ചാര മാർഗ്ഗം പൂർണമായും തടസ്സപ്പെട്ടു. ഗേറ്റിന് മറുവശം 200 ഏക്കറോളം വരുന്ന കൃഷിയിടത്തിൽ യന്ത്രസാമഗ്രികൾ ഉൾപ്പെടെ എത്തിക്കാൻ കഴിയാതെ, 120 ഓളം ഏക്കറിൽ കൃഷിഭൂമിയിൽ കൃഷി ഇറക്കാൻ പറ്റാതെ കർഷകർ ദുരിതത്തിലുമാണ്. വെള്ളൂർ പിറവം റോഡ് റെയിൽവേ സ്റ്റേഷൻ ഉദ്യോഗസ്ഥർക്ക് പരാതി കൊടുത്തിട്ടും തീരുമാനങ്ങളൊന്നും ഉണ്ടാവാത്ത സാഹചര്യത്തിലാണ് ഇന്നലെ വൈകിട്ട് ഗേറ്റിന് സമീപം കൂട്ടിയിട്ട ഇരുമ്പ് റെയിൽ എടുക്കാൻ എത്തിയ വാഹനം സ്ത്രീകളും കുട്ടികളും അടക്കം തടഞ്ഞത്. വെള്ളൂർ പോലീസും റെയിൽവേ പോലീസും സ്ഥലത്തെത്തി. എന്നാൽ ഗേറ്റ് എന്ന് തുറക്കും എന്ന ഉറപ്പ് കൊടുക്കാൻ
സാധിക്കാത്തതിനാൽ ഉറപ്പു കിട്ടാതെ വാഹനം വിട്ടുകൊടുക്കില്ല എന്ന് നിലപാടിലായിരുന്നു നാട്ടുകാർ. റെയിൽവേ ഇതുപോലുള്ള ഗേറ്റുകൾ പൂർണ്ണമായും അടച്ചിടാനുള്ള തീരുമാനമാണ് നിലവിലുള്ളതെന്നും, അതിന്റെ ഭാഗമായാണ് ഈ ഗേറ്റും അടച്ചത് എന്നുമാണ് റെയിൽവേ പോലീസ് പറയുന്നത്. ഈ ഗേറ്റിന് മറവശത്ത് പാടശേഖരത്തിലൂടെ റോഡ് നിർമ്മിച്ച് കോട്ടയം എറണാകുളം റൂട്ടിലേക്ക് പെട്ടെന്ന് എത്തുന്നതിനുള്ള ഒരു കോടി രൂപയുടെ പദ്ധതി നടപ്പാക്കാനിരിക്കെയുള്ള റയിൽവെയുടെ നടപടിക്കെതിരെയാണ് പ്രതിഷേധം ശക്തമാവുന്നത്. ഗേറ്റ് അടച്ചതിനെതിരെ പഞ്ചായത്ത് ബ്ലോക്ക് പഞ്ചായത്ത് ജനപ്രതിധിനികളും പ്രതിഷേധവുമായി രംഗത്ത് എത്തിയിരുന്നു.