സർവ്വീസ് സഹകരണ ബാങ്കിൽ എത്തിയ മൂന്നംഗ സംഘം അസി. സെക്രട്ടറിയെ മർദ്ദിച്ചതായി പരാതി

തലയോലപ്പറമ്പ്: ഷെയർ തുക വാങ്ങാനെത്തിയ മൂന്നംഗ സംഘം സർവ്വീസ് സഹകരണ ബാങ്കിലെ അസിസ്റ്റൻ്റ് സെക്രട്ടറിയെ ക്യാബിനിൽ കയറി മർദ്ദിക്കുകയും കൗണ്ടർ അടിച്ച് തകർക്കുകയും ചെയ്തതായി പരാതി. വ്യാഴാഴ്ച വൈകിട്ട് 3.30ന് മറവൻതുരുത്തിലാണ് സംഭവം. മറവൻതുരുത്ത് സർവ്വീസ് സഹകരണ ബാങ്കിൻ്റെ ഇടവട്ടത്തുള്ള ഹെഡ് ഓഫീസിലാണ് ആക്രമണം നടന്നത്. ഷെയർ പിരിയുന്ന തുക വാങ്ങാൻ എത്തിയ ഇടവട്ടം പുതുശ്ശേരിൽ സുനിൽ കുമാർ, ഇയാളുടെ സഹോദരൻ, ഇവരുടെ തലയാഴത്തുള്ള ബന്ധു അർജ്ജുൻ മുരളി എന്നിവർ ബാങ്കിൽ എത്തുകയും ഓഹരി തുക കൈപ്പറ്റുകയുമായിരുന്നു. ഇതിന് ശേഷം സെക്രട്ടറിയെ കാണണമെന്ന് ഇവർ ആവശ്യപ്പെടുകയും സെക്രട്ടറി ഇല്ലാതിരുന്നതിനാൽ അസിസ്റ്റൻ്റ് സെക്രട്ടറിയുടെ ക്യാബിനിൽ അതിക്രമിച്ച് കയറുകയും ഷെയർ തുക തരാൻ വൈകിയെന്ന് പറഞ്ഞ് അസഭ്യം പറയുകയും മർദ്ദിക്കുകയുമായിരുന്നു. തടയാൻ എത്തിയ ബാങ്കിലെ വനിതാ ജീവനക്കാർക്ക് നേരെയും അസഭ്യവും കയ്യേറ്റ ശ്രമവും നടന്നു. ആക്രമണത്തിൽ സാരമായി പരിക്കേറ്റ അസിസ്റ്റൻ്റ് സെക്രട്ടറി ആർ.രതീഷ് (44) തലയോലപ്പറമ്പ് ഗവൺമെൻ്റ് ആശുപത്രിയിൽ ചികിത്സ തേടി. അസിസ്റ്റൻ്റ് സെക്രട്ടറിയെ ആക്രമിക്കുകയും ബാങ്കിലെ കൗണ്ടർ, മേശ, ഉപകരണങ്ങൾ എന്നിവ അടിച്ച് തകർക്കുകയും ഒരു ലക്ഷം രൂപയുടെ നാശനഷ്ടം വരുത്തുകയും ചെയ്തതായി കാണിച്ചു ബാങ്ക് സെക്രട്ടറി തലയോലപ്പറമ്പ് പോലീസിൽ പരാതി നൽകി. സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തു.