|
Loading Weather...
Follow Us:
BREAKING

സാഹിത്യ ലോകം മഹാകവി പാലാ നാരായണൻ നായരെ മറന്നിട്ട് ഒന്നര പതിറ്റാണ്ട്

സാഹിത്യ ലോകം മഹാകവി പാലാ നാരായണൻ നായരെ മറന്നിട്ട് ഒന്നര പതിറ്റാണ്ട്

എസ്. സതീഷ്കുമാർ

വൈക്കം: മഹാകവി പാലാ നാരായണൻ നായരെ സാഹിത്യലോകം മറന്നിട്ട് ഒന്നര പതിറ്റാണ്ട്. മഹാകവി പാലാ നാരായണൻ നായർക്ക് വൈക്കത്ത് സ്മാരകം വേണമെന്ന ആവശ്യത്തിനും ഒന്നര പതിറ്റാണ്ടിൻ്റെ പഴക്കമായി. സ്മാരകം വേണമെന്ന ആവശ്യത്തോട് മുഖം തിരിക്കുകയാണ്, നമ്മുടെ സാംസ്കാരിക -രാഷ്ട്രീയ നേതൃത്വങ്ങളെന്നാണ് പരാതി.
മലയാള ഭാഷയിൽ ഏറ്റവും കൂടുതൽ ഒറ്റക്കവിതകൾ എഴുതി, കേരളം വളരുന്നു എന്ന ശ്രദ്ധയമായ രചനയുമായി അക്ഷരോപാസന നടത്തിയ ഒരു മഹാകവിയോടാണ് ഈ അവഗണന.

0:00
/0:54

വൈക്കം ടി.വി. പുരത്തെ വീട്ടിൽ തൻ്റെ മുറിക്കുള്ളിൽ അവസാനകാലത്ത് ഒതുങ്ങിക്കഴിഞ്ഞ പാലാ 2008 ജൂൺ 11 നാണ് വിടപറഞ്ഞത്. പതിനേഴ് വർഷങ്ങൾ കഴിഞ്ഞിട്ടും അദ്ദേഹത്തിന് ഒരു സ്മാരകം വേണമെന്ന ആവശ്യത്തോട് ഒരു പരിഗണനയും ഉണ്ടായിട്ടില്ല എന്നതാണ് ഖേദകരം. പാലയുടെ പങ്കാളിത്തത്തോട് കൂടി സ്ഥാപിച്ച കേരള സാഹിത്യ അക്കാദമിയിൽ പാലായുടെ ഒരു ചിത്രം പോലും വയ്ക്കാൻ പോലും ആരും തയ്യാറായിട്ടില്ലെന്നറിയുമ്പോഴാണ് ഈ അവഗണനയുടെ ആഴം മനസിലാവൂ. 1911 ഡിസംബർ 11ന് കീപ്പള്ളിൽ ശങ്കരൻ നായരുടേയും പുലിയന്നൂർ പുത്തൂർ വീട്ടിൽ പാർവതിയമ്മയുടേയും മകനായി ജനിച്ച പാലാ, അദ്ധ്യാപകനും, കണക്കെഴുത്തുകാരനും, പട്ടാളക്കാരനുമായി ജീവിച്ചു. 1943-ൽ രണ്ടാം ലോകമഹായുദ്ധത്തിൽ ഇന്ത്യയിലും ബർമ്മയിലും പങ്കെടുത്തു. പിന്നീട് തിരുവിതാംകൂർ സർവകലാശാലയിൽ പ്രസിദ്ധീകരണ വിഭാഗത്തിലെ ഉദ്യോഗസ്ഥനായി. 1956-ൽ കേരള സർവകലാശാലയിൽനിന്ന്‌ എം.എ റാങ്കോടെ പാസായ പാലാ 1957-ൽ കേരള സാഹിത്യ അക്കാദമിയുടെ ആദ്യ അസിസ്റ്റന്റ്‌ സെക്രട്ടറിയായി. ആദ്യം പ്രസിദ്ധീകരിച്ച കവിത പതിനേഴാം വയസിലെ ആ നിഴൽ ആണ്. 1935ൽ ആദ്യസമാഹാരമായ പൂക്കൾ പുറത്തിറങ്ങി. റിട്ടയർ ചെയ്ത ശേഷം പാലാ അൽഫോൻസ കോളേജിലും കൊട്ടിയം എൻ.എസ്‌.എസ്‌ കോളേജിലും അദ്ധ്യാപകനായും പ്രവർത്തിച്ചു. ക്ഷേത്ര പ്രവേശനവിളംബരത്തെക്കുറിച്ചുള്ള കവിതയ്ക്ക്‌ മഹാകവി ഉള്ളൂരിന്റെ പക്കൽനിന്ന്‌ സ്വർണ്ണമെഡൽ വാങ്ങി. കേരള സാഹിത്യ അക്കാദമി പുരസ്‌കാരം, പൂത്തേഴൻ സ്‌മാരക പുരസ്‌കാരം, എഴുത്തച്ഛൻ പുരസ്‌കാരം, ആശാൻ പുരസ്‌കാരം, വള്ളത്തോൾ പുരസ്കാരം, കാളിദാസ പുരസ്കാരം എന്നീ അംഗീകാരങ്ങളും പാലാ നാരയണൻ നായരെ തേടിയെത്തി. മലയാള കവിതയ്‌ക്ക്‌ നൽകിയ സമഗ്ര സംഭാവനയ്ക്ക്‌ 2002ലെ മാതൃഭൂമി പുരസ്കാരവും പാലാക്ക് ലഭിച്ചു. 1937-ൽ കവിതാ രചനയ്ക്ക്‌ സമസ്‌ത കേരള സാഹിത്യ പരിഷത്തിൽനിന്ന്‌ കീർത്തിമുദ്ര, ഭോപ്പാൽ സാഹിത്യ സമ്മേളനത്തിന്റെ ഭാരത ഭാഷാ ഭൂഷൺ ബഹുമതി, ആശാൻ പ്രൈസ്‌, ഓൾ ഇന്ത്യ റൈറ്റേഴ്‌സ്‌ ഫോറത്തിന്റെ താമ്രപത്രം എന്നിവയെല്ലാം ഏറ്റുവാങ്ങിയ ഒരു മഹാകവിയെയാണ് നാട് ഇങ്ങനെ അവഗണിക്കുന്നത്. വ്യത്യസ്ഥ മേഖലയിൽ ജീവിച്ച് സാഹിത്യ ലോകത്തിന് ഇത്രയേറെ സംഭാവനകൾ നൽകിയ ഒരാളെയാണ് ഇങ്ങനെ ബോധപൂർവ്വം പലരും മറക്കുന്നതെന്നാണ് ഇപ്പോൾ പരാതി ഉയരുന്നത്. ടി.വി പുരത്തെ വീട്ടിൽ അദ്ദേഹത്തിൻ്റെ മുറിയും പുസ്തകശേഖരങ്ങളും വസ്തുവകകളു മൊക്കെ കഴിയുന്നത്ര സംരക്ഷിക്കാൻ ശ്രമിക്കുകയാണ് മകൻ ശ്രീകുമാർ. നാല്പത്തിമൂന്ന് സമാഹാരങ്ങള്‍, അയ്യായിരം കവിതകള്‍, ചലച്ചിത്രഗാനങ്ങള്‍. ഇതിലൂടൊക്കെയാണ് പാലാ നാരായണന്‍ നായര്‍ തന്റെ കാലത്തെയും സര്‍ഗാത്മകതയെയും നമ്മളിൽ അടയാളപ്പെടുത്തിയത്. കേരളം വളര്‍ന്ന് വളര്‍ന്ന്  വാനോളം മുട്ടിയതും കണ്ട് തൊണ്ണൂറ്റിയാറാം വയസ്സിലാണ് അദ്ദേഹം വിടപറഞ്ഞത്.