സെൻട്രൽ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷൻ സംയോജിത ബോധവത്ക്കരണ പരിപാടി സമാപിച്ചു
വൈക്കം: കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിൻ്റെ സെൻട്രൽ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷൻ കോട്ടയം ഫീൽഡ് ഓഫിസ് സംഘടിപ്പിച്ച ത്രിദിന സംയോജിത ബോധവത്ക്കരണ പരിപാടിയും ഫോട്ടോ പ്രദർശനവും സമാപിച്ചു. വൈക്കം നഗരസഭ അധ്യക്ഷ പ്രീത രാജേഷ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു.
സർക്കാർ നടപ്പിലാക്കുന്ന ക്ഷേമ പദ്ധതികൾ ജനങ്ങളുടെ അവകാശമാണെന്നും അതിൻ്റെ പൂർണഫലം ജനങ്ങളിലെത്തിക്കെത്തിക്കാൻ ബോധവൽക്കരണ പരിപാടികൾ അത്യാവശ്യമാണെന്ന് പ്രീത രാജേഷ് പറഞ്ഞു. നഗരസഭ ഉപാധ്യക്ഷൻ പി.ടി. സുഭാഷ് അധ്യക്ഷത വഹിച്ചു. നഗരസഭ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷ ബിന്ദു ഷാജി, കൺസിലർ രാജശ്രീ, സെൻട്രൽ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷൻ ഫീൽഡ് എക്സിബിഷൻ ഓഫിസർ ജൂണി ജേക്കബ്, ഫീൽഡ് പബ്ളിസിറ്റി അസിസ്റ്റൻറ് സരിൻ ലാൽ ടി. എന്നിവർ പ്രസംഗിച്ചു. വൈക്കം സീതാറാം ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ സർക്കാർ പദ്ധതികളെക്കുറിച്ചും വിവിധ സർക്കാർ വകുപ്പുകളുടെ സേവനങ്ങളെക്കുറിച്ചും ക്ലാസുകളും ഫോട്ടോ പ്രദർശനവും ഉണ്ടായിരുന്നു.

ഐസിഡിഎസ് കോട്ടയം പ്രോഗ്രാം സെൽ, വൈക്കം പ്രോജക്റ്റ്, വൈക്കം നഗരസഭ എന്നിവയുമായി ചേർന്നാണ് പരിപാടി നടത്തിയത്. ജില്ലാ ഹോമിയോ ആശുപത്രി, തപാൽ വകുപ്പ്, വനിത പോലീസ് സെൽ, ഫയർ & റസ്ക്യൂ, സൈബർ പൊലീസ് ഓഫിസ്, എക്സൈസ് ഓഫീസ്, ലീഡ്ബാങ്ക് തുടങ്ങിയ വകുപ്പുകളുടെ ക്ലാസുകളും ഉണ്ടായിരുന്നു.
പൊതുജനങ്ങൾക്കായി സൗജന്യ മെഡിക്കൽ ക്യാമ്പ്, ആധാർ സേവനങ്ങൾ, ഫോട്ടോ എക്സിബിഷൻ, ഗാനമേള , കലാപരിപാടികൾ, പ്രശ്നോത്തരികൾ എന്നിവയും ഒരുക്കിയിരുന്നു.