|
Loading Weather...
Follow Us:
BREAKING

ശ്രദ്ധിക്കണം ഇല്ലേൽ തെരെഞ്ഞെടുപ്പ് ഫലം ഇങ്ങനാ...

ശ്രദ്ധിക്കണം ഇല്ലേൽ തെരെഞ്ഞെടുപ്പ് ഫലം ഇങ്ങനാ...

എസ്. സതീഷ്കുമാർ

വൈക്കം: വൈക്കം നഗരസഭയിൽ ചെയർ പേഴ്സനും വൈസ് ചെയർമാനും ഇത്തവണ ഫലം തോൽവിയായപ്പോൾ വെച്ചൂർ പഞ്ചായത്ത് പ്രസിഡൻ്റിനും കിട്ടി തോൽവി.. മുനിസിപ്പൽ വാർഡിലാണ് ചെയർ പേഴ്സൻ പ്രീത രജേഷ് തോറ്റത്. നഗരസഭ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാനും കോൺഗ്രസ് വാർഡ് അംഗവുമായിരുന്ന ബിന്ദു ഷാജിയാണത്രെ പണി പറ്റിച്ചത്. സീറ്റ് കിട്ടാതെ വന്നതോടെ ബിന്ദു ഷാജി റിബലായി മത്സരിച്ച് കുറെ വോട്ടുമായി പോയി. സി.പി.ഐയുടെ റജിമോൾ പ്രദീപാണ് ഇവിടെ വിജയിച്ചത്. 71 വോട്ടിൻ്റെയാണ് ഭൂരിപക്ഷം. ഇവിടെ ബി.ജെ.പിയുടെ അടക്കം അഞ്ച് പേരാണ് മത്സരത്തിന് ഉണ്ടായിരുന്നത്. ഇൻഡസ്ട്രിയൽ വാർഡിൽ സീറ്റ് കൊടുത്തായിരുന്നു വൈസ് ചെയർമാൻ പി.ടി.സുഭാഷിന് സ്വന്തം പാർട്ടിക്കാർ തന്നെ നൈസായി പണി കൊടുത്തത്. ജനകീയനായ മുൻ നഗരസഭ പ്രതിപക്ഷ പാർലമെൻ്ററി നേതാവ് ഹരിദാസൻ നായരോട് മുട്ടാനായിരുന്നു പാർട്ടി നിർദ്ദേശം. ഹരിദാസൻ നായർ 145 വോട്ട് ഭൂരിപക്ഷത്തോടെ സുഹൃത്തായ വൈസ് ചെയർമാനോട് വീട്ടിലിരിക്കാൻ പറഞ്ഞു. ഹരിദാസൻ നായർ 326 വോട്ട് നേടിയപ്പോൾ വൈസ് ചെയർമാന് വോട്ട് 181 മാത്രം. വെച്ചൂർ പഞ്ചായത്ത് 9-ാം വാർഡിലാണ് തുടർച്ചയായി 5 തവണ ഇലക്ഷന് മത്സരിച്ച പ്രസിഡൻ്റ് ഷൈലകുമാർ തോൽവിയറിഞ്ഞത്. എന്നാലാ തോൽവിയാകട്ടെ സ്വന്തം പാർട്ടിക്കാനോട് തന്നെയായി മാറി. റിബലായി മത്സരിച്ച ദളിത് കോൺഗ്രസിൻ്റേയും ഐ.എൻ.ടി.യു.സിയുടെയുമൊക്കെ സ്ഥാനം വഹിച്ചിരുന്ന കെ. സുരേഷ് ആണ് പാരയായത്. 5 പ്രാവശ്യം മത്സരിച്ച് 20 വർഷം പഞ്ചായത്ത് അംഗമായിരുന്ന ഒരു പ്രസിഡൻ്റാണ് ഇങ്ങനെ 116 വോട്ടിന് റിബലിന് അടിയറ പറഞ്ഞത്. നാല് പേർ മത്സരിച്ച വാർഡിൽ സുരേഷിന് 288 വോട്ടും ഷൈലകുമാറിന് 172 വോട്ടുമാണ് കിട്ടിയത്. രാഷ്ട്രീയമല്ലേ, മത്സരമല്ലേ, സംഭവം നാട്ടാരുടെ കൈയ്യിലുമാണല്ലൊ എന്ന് സമാധാനിക്കാനല്ലാതെ എന്ത് ചെയ്യാൻ ....