ശ്രീമഹാദേവൻ്റെ രാജകീയ എഴുന്നള്ളത്തുകൾക്ക് തുടക്കം
വൈക്കം: വൈക്കം മഹാദേവരുടെ പ്രദക്ഷിണവഴികളുണർന്നു. ശ്രീമഹാദേവൻ്റെ രാജകീയ എഴുന്നള്ളത്തുകൾക്ക് സന്ധ്യവേലയോടെ തുടക്കം. വൈക്കത്തഷ്ടമിക്ക് മുന്നോടിയായി നടത്തുന്ന പുള്ളി സന്ധ്യവേല ആരംഭിച്ചു. വിശേഷാൽ ചടങ്ങുകൾക്ക് ശേഷം എതൃത്ത ശ്രീബലിക്കായി വൈക്കത്തപ്പന്റെ തിടമ്പ് പുറത്തേക്ക് എഴുന്നള്ളിച്ചു. ഗജവീരൻ കണ്ടിയൂർ പ്രേംശങ്കർ തിടമ്പേറ്റി. വിവിധ വാദ്യമേളങ്ങളുടെ അകമ്പടിയോടെ ക്ഷേത്രത്തിന് മൂന്ന് പ്രദക്ഷിണം പൂർത്തിയാക്കി എഴുന്നളളിപ്പ് സമാപിച്ചു. വൈകിട്ട് വിളക്കെഴുന്നള്ളിപ്പുമുണ്ട്. ആനപ്പുറത്ത് ശ്രീബലി, മണ്ഡപത്തിൽ വാരമിരിക്കൽ, പ്രാതൽ, വിളക്ക് എന്നിവയാണ് സന്ധ്യവേലയുടെ പ്രധാന ചടങ്ങുകൾ. ഒന്നിടവിട്ട നാലു ദിവസങ്ങളിലായി നടത്തുന്ന പുള്ളി സന്ധ്യവേല ഇനിയുള്ളത് 29, 31, നവം 2 തീയതികളിലാണ്.
മുഖ സന്ധ്യവേല നവം. 4 ന് ആരംഭിക്കും.
മുഖ സന്ധ്യവേല തുടർച്ചയായ നാല് ദിവസങ്ങളിലായാണ് നടക്കുക. 7 ന് സമാപിക്കും. മുഖസന്ധ്യ വേലയുടെ കോപ്പുതൂക്കൽ നവം 3 ന് രാവിലെ 7.15നും 9.15 നും ഇടയിൽ ക്ഷേത്ര കലവറയിൽ നടക്കും.
സമൂഹസന്ധ്യവേലകൾ 26 മുതൽ.
സമൂഹസന്ധ്യവേലകൾ 26ന് ആരംഭിച്ച് 30ന് സമാപിക്കും. 26 ന് വൈക്കം സമൂഹത്തിന്റെ സന്ധ്യവേലയും ഒറ്റപ്പണ സമർപ്പണവും 28 ന് കന്നട സമൂഹത്തിന്റെ സന്ധ്യവേലയും 29 ന് തമിഴ് വിശ്വബ്രഹ്മസമാജത്തിന്റെ സന്ധ്യവേലയും 30ന് വടയാർ സമൂഹത്തിന്റെ സന്ധ്യവേലയും ഒറ്റപ്പണ സമർപ്പണവും നടക്കും.
അഷ്ടമി കോപ്പുതൂക്കൽ നവം 30 ന്
വൈക്കത്തഷ്ടമിയുടെ കോപ്പു തൂക്കൽ നവം. 30 ന് .രാവിലെ 10നും 11.30നും ഇടയിലാണ്. കൊടിയേറ്ററിയിപ്പും കുലവാഴ പുറപ്പാടും അന്ന് നടക്കും. അഷ്ടമിക്ക് ഡിസംബർ 1 ന് കൊടിയേറും. 1 ന് കൊടിപ്പുറത്ത് വിളക്ക്, 5, 6, 8, 11 തീയതികളിൽ നടക്കുന്ന ഉത്സവബലി, 7 ന് രാത്രി 11 ന് നടക്കുന്ന ഋഷഭവാഹനമെഴുന്നള്ളിപ്പ്, 8, 9, തീയതികളിൽ നടക്കുന്ന വടക്കുംചേരിമേൽ, തെക്കുംചേരിമേൽ എഴുന്നള്ളിപ്പുകൾ, 9 ന് വൈകിട്ട് 5 ന് നടക്കുന്ന കാഴ്ചശ്രീബലി, 10 ന് രാവിലെ 10 ന് നടക്കുന്ന വലിയ ശ്രീബലി, രാത്രി 11ന് വലിയ വിളക്ക് എന്നിവ പ്രസിദ്ധമാണ്. 12നാണ് അഷ്ടമി. രാവിലെ 4.30 ന് അഷ്ടമി ദർശനം, രാത്രി 10 ന് അഷ്ടമി വിളക്ക്, ഉദയനാപുരത്തപ്പന്റെ വരവ്, വലിയ കാണിക്ക, ഉദയനാപുരത്തപ്പന്റെ യാത്രയയപ്പ്, വിടപറയൽ 13 ന് വൈകിട്ട് 5 ന് ആറാട്ടെഴുന്നള്ളിപ്പ്, വൈകിട്ട് 8 ന് ഇരുമ്പുഴിക്കര ആറാട്ടുകുളത്തിൽ ആറാട്ട്, രാത്രി 10ന് ഉദയനാപുരം ക്ഷേത്രത്തിൽ കൂടിപ്പൂജ, വിളക്ക്, 14 ന് രാവിലെ 11 ന് മുക്കുടി നിവേദ്യം എന്നിവ നടക്കും.