‘സിപിഐഎം ഭരണം ഗുണ്ടകൾക്കും കൊടും ക്രിമിനലുകൾക്കും ജയിൽപ്പുള്ളികൾക്കും വേണ്ടി മാത്രം’: രാജീവ് ചന്ദ്രശേഖർ

സിപിഐഎം ഭരണം ഗുണ്ടകൾക്കും കൊടും ക്രിമിനലുകൾക്കും ജയിൽപ്പുള്ളികൾക്കും വേണ്ടി മാത്രമായി മാറിയെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ. സദാനന്ദൻ മാസ്റ്ററെ ആക്രമിച്ച പ്രതികൾക്ക് താരപരിവേഷം നൽകി ജയിലിലേക്ക് അയക്കുന്നതും, ടിപി വധക്കേസ് പ്രതിക്ക് മദ്യപിക്കാൻ പോലീസ് കാവൽ നിന്നതും ലജ്ജിപ്പിക്കുന്നതാണ്. കേരളത്തിന്റെ ക്രമസമാധാന നിലയും ആഭ്യന്തരവകുപ്പിന്റെ നിയന്ത്രണവും പാർട്ടി ഗുണ്ടകൾക്ക് സർക്കാർ എഴുതിക്കൊടുത്തെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പ്രസ്താവിച്ചു.
കേരളത്തിന്റെ ക്രമസമാധാന നില തകർന്നു തരിപ്പണമായതിന്റെ കാരണം എന്താണ് എന്ന ചോദ്യത്തിന്റെ ഉത്തരമാണ് കഴിഞ്ഞ രണ്ട് ദിവസങ്ങളായി വരുന്ന വാർത്തകൾ. രാജ്യസഭാ എംപിയായ ബഹുമാനപ്പെട്ട സദാനന്ദൻ മാസ്റ്ററുടെ കാലുകൾ അതിക്രൂരമായി വെട്ടിയെടുത്ത ക്രിമിനലുകളുടെ ശിക്ഷ കോടതി ശരിവെക്കുകയും അവരെ വീണ്ടും ജയിലിൽ അടയ്ക്കുകയും ചെയ്തിരുന്നു. അവരെ ജയിലിലേക്ക് അയക്കാൻ എത്തിയത് മുൻ മന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ കെ കെ ശൈലജയാണ്. വീരപരിവേഷത്തോടെ മുദ്രാവാക്യം വിളികളോടെയാണ് കൊടും ക്രിമിനലുകളെ സിപിഎം ജയിലിലേക്ക് അയക്കുന്നത്.