|
Loading Weather...
Follow Us:
BREAKING

സംസ്ഥാന സ്‌കൂൾ കലോത്സവം: സ്വർണ്ണ കപ്പ് ഘോഷയാത്ര തുടങ്ങി

സംസ്ഥാന സ്‌കൂൾ കലോത്സവം: സ്വർണ്ണ കപ്പ് ഘോഷയാത്ര തുടങ്ങി

​കോട്ടയം: ജനുവരി 14 ന് തൃശൂരിൽ നടക്കുന്ന സംസ്ഥാന സ്‌കൂൾ കലോത്സവത്തിനുള്ള സ്വർണ്ണ കപ്പ് ഘോഷയാത്രയ്ക്ക് കോട്ടയത്ത് ഉജ്ജ്വല സ്വീകരണം. കോട്ടയം മാമൻ മാപ്പിള ഹാൾ അങ്കണത്തിൽ നിന്ന് സെന്റ് ആൻസ് ഗേൾസ് ഹയർസെക്കൻഡറി സ്‌കൂളിൽ എത്തിയ ഘോഷയാത്രയെ സഹകരണം-തുറമുഖം-ദേവസ്വം വകുപ്പ് മന്ത്രി വി.എൻ. വാസവന്റെ നേതൃത്വത്തിലാണ് സ്വീകരിച്ചത്.

0:00
/1:12

ഇടുക്കി ജില്ലയിലെ കരിങ്കുന്നത്തുനിന്ന് കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ ഏറ്റുവാങ്ങിയ കപ്പിന് ജില്ലയിലെ ആദ്യ സ്വീകരണം പാലാ സെൻറ് മേരീസ് ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിലായിരുന്നു നടന്നത്. ചങ്ങനാശേരി വാഴപ്പള്ളി സെന്റ് തെരേസാസ് ഹയർസെക്കൻഡറി സ്‌കൂളിലെ സ്വീകരണത്തിനു ശേഷം ഘോഷയാത്ര പത്തനംതിട്ട ജില്ലയിലേക്ക് യാത്രയായി. 117.5 പവൻ തൂക്കം വരുന്ന സ്വർണ്ണക്കപ്പുമായുള്ള ഘോഷയാത്ര കാസർകോട് മൊഗ്രാൽ ഗവൺമെൻറ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളിൽനിന്നാണ് ആരംഭിച്ചത്. ജനുവരി 13ന് കലോത്സവ വേദിയായ തൃശൂരിൽ എത്തിച്ചേരും. ജനുവരി 14ന് രാവിലെ പത്തിന് തൃശൂർ തേക്കിൻകാട് മൈതാനത്തെ പ്രധാനവേദിയിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് കലോത്സവം ഉദ്ഘാടനം ചെയ്യുന്നത്. 25 വേദികളിലായാണ് കലോൽസവ മത്സരങ്ങൾ നടക്കുന്നത്. ജില്ലാതല സ്വീകരണ പരിപാടിയിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ്, ജില്ലാ കളക്ടർ ചേതൻ കുമാർ മീണ, കോട്ടയം നഗരസഭാ അധ്യക്ഷൻ എം..പി സന്തോഷ് കുമാർ, പൊതുവിദ്യാഭ്യാസ വകുപ്പ് ജോയിൻറ് ഡയറക്ടർ ഡോ. ഗിരീഷ് ചോലയിൽ, പൊതുവിദ്യാഭ്യാസ വകുപ്പ് ജില്ലാ അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റൻറ് എസ്. ശ്രീകുമാർ, സെന്റ് ആൻസ് ജി.എച്ച്.എസ്.എസ്. പ്രിൻസിപ്പൽ ജോബി ജോസഫ്, ഹെഡ്മിസ്ട്രസ് സിസ്റ്റർ പ്രിയ എസ്.ജെ.സി, പി.ടി.എ പ്രസിഡൻറ് ജോർജ് തോമസ് എന്നിവരും പങ്കെടുത്തു.