സഞ്ചാരികളെ ആകർഷിച്ച് പാലാക്കരി
എസ്. സതീഷ്കുമാർ
വൈക്കത്ത് ഒരു പകൽ ചെലവഴിക്കാൻ കഴിയുന്ന ഒരു വിനോദസഞ്ചാര കേന്ദ്രമുണ്ട്. ചെമ്പ് പഞ്ചായത്തിലെ കാട്ടിക്കുന്നിലാണ് മനസിന് കുളിർമ്മയേകുന്ന കായൽ കാഴ്ചകളും ബോട്ടിംഗും കായൽ മത്സ്യം വിളമ്പുന്ന നാടൻ ഭക്ഷണശാലയുമൊക്കെയായുള്ള ഫിഷറീസ് വകുപ്പിൻ്റെ ആ പാലാക്കരി അക്വാടൂറിസം കേന്ദ്രം. കാട്ടിക്കുന്ന് കവലയിൽ നിന്ന് ഒരു കിലോമീറ്റർ മാറി കായലോരത്താണ് ഈ ടൂറിസം കേന്ദ്രമുള്ളത്.
കായൽ കാറ്റേറ്റുള്ള അക്വാഫാമിലെ ബോട്ടിംഗ് വ്യത്യസ്ഥ അനുഭവമാകും സമ്മാനിക്കുന്നത്.. ബഹളങ്ങളില്ലാതെ ശാന്തമായ തനത് ഗ്രാമഭംഗിയോടെ കായൽ അനുഭവം കൂടിയാണ് പാലാക്കരിയുടെ പ്രത്യേകത. ഫാമിൽ നിന്നുള്ള മത്സ്യ വിഭവങ്ങൾ വിളമ്പുന്ന കുടുംബശ്രീ ഭക്ഷണ ശാലയിൽ കായൽ കാറ്റിൽ കായൽ കാഴ്ചയും കണ്ട് ഭക്ഷണം കഴിക്കാം. അക്വാ ടൂറിസം കേന്ദ്രം കൂടിയായ ഇവിടെ മൽസ്യ ഫെഡ് ഒരു പകൽ ചെലവഴിക്കാൻ കഴിയുന്ന ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഏപ്രിൽ മെയ് മാസങ്ങളിലാണ് പാലാക്കരിയിൽ ഏറ്റവും അധികം സഞ്ചാരികൾ എത്തിയിരുന്നത്. കോവിഡിനു മുമ്പുള്ള ഏപ്രിൽ, മെയ് മാസങ്ങളിൽ 15, 20 ലക്ഷം രൂപ വരെ പാലാക്കരിയിൽ വരുമാനം ലഭിച്ചിരുന്നു. കോവിഡും പ്രളയവും സഞ്ചാരികളെ അകറ്റിയെങ്കിലു ഇപ്പോൾ ഇവിടേക്ക് സഞ്ചാരികളുടെ ഒഴുക്കാണ്. ഫാം സന്ദർശിക്കുന്ന ഒരാൾക്ക് സാധാരണ ദിവസം 250 രൂപയും ശനി,ഞായർ ദിവസങ്ങളിൽ 300 രൂപയുമാണ് നിരക്ക്. ഒപ്പം മൽസ്യ വിഭവം കൂട്ടിയുള്ള ഊണും വൈകുന്നേരം ചായയും ലഭിക്കും. 10 പേർ ഒരുമിച്ചെത്തുമ്പോൾ ഒരാൾക്ക് പ്രവേശനം സൗജന്യമായിരിക്കും. ഇവിടെ നിന്ന് തരംഗിണി, കാഴ്ച എന്നീ ബോട്ട് യാത്രാ പാക്കേജുകളും സഞ്ചാരികൾക്കായി ഉണ്ട്. പാലാക്കരിയിൽ നിന്ന് രാവിലെ ആരംഭിച്ച് മൽസ്യ ഫെഡിന്റ മാലിപ്പുറം, ഞാറയ്ക്കൽ ഫാമുകളിൽ സന്ദർശനം നടത്തി തിരിച്ചെത്തുന്ന ഭൂമികയെന്ന ബോട്ട് യാത്രാ പാക്കേജും സഞ്ചാരികൾക്കായി ഇവിടെയുണ്ട്. ഇവിടെ രാവിലെ എത്തിയാൽ ശാന്തതയുടെ ഒരു പകൽ നൽകുന്ന അനുഭവുമായി കായലിൻ്റെ മറുകരയിൽ മറയുന്ന സൂര്യൻ്റെ അസ്തമയ കാഴ്ചയും കണ്ട് മടങ്ങാം.