ടി.വി. പുരത്തെ ആധുനിക ശ്മശാനം തിങ്കളാഴ്ച തുറക്കും
എസ്. സതീഷ്കുമാർ
വൈക്കം: ടി.വി പുരം ഗ്രാമപഞ്ചായത്തിലെ ആധുനിക ശ്മശാനത്തിന് പ്രവർത്തന അനുമതിയായി. തിങ്കളാഴ്ച മുതൽ ശ്മശാനം പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കും. നിർമ്മാണം പൂർത്തീകരിച്ച് ഉദ്ഘാടനവും നടത്തിയ ആധുനിക ശ്മശാനം അനുമതിയില്ലാത്തതിനാൽ മാസങ്ങളായി അടച്ചിട്ട നിലയിലായിരുന്നു.
കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിലാണ് ശ്മശാനം പണിത് ഉദ്ഘാടനം ചെയ്തത്. എന്നാൽ പ്രവർത്തനാനുമതി കിട്ടാത്തതിനാൽ ശ്മശാനത്തിന്റെ പ്രവർത്തനം തുടങ്ങാൻ കഴിഞ്ഞിരുന്നില്ല. ഇതിനിടെ ഇവിടെ സൂക്ഷിച്ചിരുന്ന ഗ്യാസ് സിലിണ്ടറുകൾ മോഷണം പോയതും വിവാദമായിരുന്നു. സമീപ പഞ്ചായത്തുകളിൽ ഒന്നും ഇല്ലാത്ത ആധുനിക രീതിയിലുള്ള ഗ്യാസിലൂടെ പ്രവർത്തിപ്പിക്കാൻ കഴിയുന്നതാണ് ഈ ശ്മശാനം. പത്തൊൻപത് കോളനികളും, അഞ്ച് സെൻ്റും അതിൽ താഴെയും ഭൂമിയുള്ള അനേകം കുടുംബങ്ങളും ഉള്ള പഞ്ചായത്തിലുള്ളവർക്ക് മൃതദേഹ സംസ്കാരത്തിന് ഏറെ പ്രയോജനകരമാകുന്ന ശ്മശാനമാണ് പ്രവർത്തനം തുടങ്ങാൻ പോകുന്നത്. പൊല്യൂഷൻ കൺട്രോൾ ബോർഡിന്റെയും ജില്ലാ മെഡിക്കൽ ഓഫീസറുടെയും ഫിറ്റ്നസ് സർട്ടിഫിക്കേഷൻ നടപടികൾ പൂർത്തീകരിച്ച് ജില്ലാ കളക്ടറുടെ അംഗീകാരവും ലൈസൻസും ശ്മശാനത്തിന് ലഭിച്ചതോടെയാണ് പ്രവർത്തനസജ്ജമാവുന്നത്.
Comments ()