തെക്കുപുറത്ത് ഗുരുതി ഭക്തി സാന്ദ്രം
ആർ. സുരേഷ്ബാബു
വൈക്കം: മൂത്തേടത്ത് കാവ് ഭഗവതി ക്ഷേത്രത്തിൽ ആരംഭിച്ച തെക്കുപുറത്ത് ഗുരുതി ഭക്തിസാന്ദ്രം. അത്താഴ പൂജക്ക് ശേഷം ഉപദേവതമാർക്ക് നേദ്യങ്ങൾ നടത്തിയ ശേഷമാണ് നാലമ്പലത്തിന് തെക്കുപുറത്ത് കൊടുംകാളിയുടെ നടയിൽ തെക്കുപുറത്ത് ഗുരുതി നടത്തുന്നത്. മേൽശാന്തി ജയചന്ദ്രൻ പോറ്റിയുടെ കാർമ്മികത്വത്തിൽ നടക്കുന്ന തെക്കുപുറത്ത് ഗുരുതി വൈകിട്ട് 7.30 നാണ് ആരംഭിക്കുക. 41 ദിവസം നീണ്ടുനിൽക്കുന്നതാണ് ഗുരുതിയുടെ ചടങ്ങുകൾ.
വടക്കുപുറത്ത് പാട്ടിന്റെ തുടർച്ച
വൈക്കം മഹാദേവ ക്ഷേത്രത്തിൽ 12 വർഷത്തിലൊരിക്കൽ നടത്തിയ വടക്കു പുറത്തുപാട്ടിന്റെ ചടങ്ങുകളുടെ പൂർത്തീകരണമായാണ് മൂത്തേടത്തുകാവ് ഭഗവതി ക്ഷേത്രത്തിൽ വടക്കുപുറത്ത് ദേശഗുരുതി നടത്തുന്നത്. കഴിഞ്ഞ ഏപ്രിൽ 2 മുതൽ 13 വരെയാണ് വൈക്കം ക്ഷേത്രത്തിൽ വടക്കു പുറത്ത് പാട്ട് നടന്നത്.
തീയാട്ട്
വടക്കുപുറത്ത് ദേശഗുരുതിയുടെ മുന്നോടിയായി മൂത്തേടത്തുകാവിൽ 41 ദിവസം തെക്കുപുറത്ത് ഗുരുതിയും തീയാട്ടും നടക്കും. ശ്രീകോവിലിന് മുന്നിലെ മണ്ഡപത്തിൽ ദേവിയുടെ കളവും എഴുതും
മുത്താരമ്മൻ വിൽപ്പാട്ട്
ഗുരുതി നടക്കുന്ന ദിവസങ്ങളിൽ വൈകിട് 6 ന് വണിക വൈശ്യ സംഘം മുത്താരമ്മൻ കാവ് വിൽപാട്ടും നടന്നുവരുന്നുണ്ട്. മൂത്തേടത്തുകാവിലെ ആചാരാനുഷ്ഠാനങ്ങളുമായി വണിക വൈശ്യർക്ക് ഇഴപിരിക്കാനാവാത്ത ബന്ധമാണുള്ളത്.
വടക്കു പുറത്ത് ഗുരുതി സമർപ്പണം
മൂത്തേടത്തുകാവ് ക്ഷേത്രത്തിൽ ഫെബ്രുവരി 6 ന് രാത്രി 12 നാണ് വടക്കു പുറത്ത് ഗുരുതി തർപ്പണം. പാല കൊമ്പും കുലവാഴയും തോരണങ്ങളും കൊണ്ട് അലങ്കരിച്ച് 256 ഖണ്ഡങ്ങളിലാണ് ഗുരുതിക്കളം തയ്യാറാക്കുന്നത്. തീയാട്ടിന് ശേഷം നടത്തുന്ന ഗുരുതിയിൽ 256 നാഴി അരിയുടെ വറ നിവേദ്യവും 32 നാഴി അരിയുടെ വറപൊടിയും 16 പാത്രങ്ങളിൽ ഗുരുതിയും അരിപ്പൊടിയും മഞ്ഞൾ പൊടിയും ചുണ്ണാമ്പും ചേർത്ത് ഒരുക്കുന്ന നിണവും ഉപയോഗിക്കും.ചടങ്ങിന്റെ ഭാഗമായി പന്തീരായിരം പുഷ്പാഞ്ജലി, താലപ്പൊലി, വിവിധ കലാപരിപാടികൾ എന്നിവയും നടത്തുന്നുണ്ട്.