🔴 BREAKING..

തെരുവ് നായ്ക്കളിൽ പേവിഷബാധ പ്രതിരോധ കുത്തിവെപ്പുമായി വെച്ചൂർ ഗ്രാമപഞ്ചായത്ത് രംഗത്ത്

തെരുവ് നായ്ക്കളിൽ പേവിഷബാധ  പ്രതിരോധ കുത്തിവെപ്പുമായി വെച്ചൂർ ഗ്രാമപഞ്ചായത്ത് രംഗത്ത്
പേവിഷബാധ തുടച്ചുനീക്കുന്നതിനായി വെച്ചൂർ പഞ്ചായത്തിൽ തെരുവ് നായ്ക്കളിൽ പേവിഷബാധ പ്രതിരോധ കുത്തിവെപ്പ് നടത്തുന്നു

വൈക്കം: തെരുവ് നായ്ക്കളിൽ പേവിഷബാധ പ്രതിരോധ കുത്തിവെപ്പുമായി വെച്ചൂർ ഗ്രാമപഞ്ചായത്ത് രംഗത്ത്. പേവിഷബാധ വളരെ മാരകമായതും ചികിത്സയില്ലാത്തതുമായ അസുഖമായതിനാൽ പ്രതിരോധ കുത്തിവെപ്പ് മാത്രമാണ് അതിന് പോംവഴി എന്നതിനാലാണ് വിപുലമായ രീതിയിൽ പ്രതിരോധ കുത്തിവെപ്പുമായി പഞ്ചായത്ത് മുന്നിട്ടിറങ്ങിയത്. നിയമപ്രകാരം വീടുകളിൽ വളർത്തുന്ന എല്ലാ നായ്ക്കൾക്കും ഉടമസ്ഥർ വാക്സിനേഷൻ ചെയ്ത് പഞ്ചായത്തുനിന്ന് ലൈസൻസ് എടുക്കേണ്ടതാണെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചു. ഉടമസ്ഥരില്ലാത്ത തെരുവുകളിൽ അലയുന്ന നായ്ക്കൾക്ക് വാക്സിനേഷൻ ചെയ്താൽ മാത്രമേ പേവിഷബാധ പൂർണ്ണമായും ഒഴിവാക്കാൻ സാധിക്കുകയുള്ളൂ എന്നതിനാൽ തെരുവ് നായ്ക്കളെ പരിശീലനം ലഭിച്ച ഡോഗ് ക്യാച്ചർമാരെ ഉപയോഗിച്ച് പിടിക്കുകയും തുടർന്ന് അവയ്ക്ക് വാക്സിനേഷൻ നൽകുകയുമാണ് പദ്ധതിയിലൂടെ ചെയ്യുന്നത്. തെരുവുനായയുടെ കടിയിൽ നിന്നും പേവിഷബാധ വരാനുള്ള സാധ്യത പരമാവധി ഇല്ലാതാക്കുന്നതിനും അതുവഴി പൊതുജനങ്ങൾക്ക് സഞ്ചാര സ്വാതന്ത്ര്യം ഉറപ്പുവരുത്തുന്നതിനും മാരകമായ പേവിഷബാധ തുടച്ചുനീക്കുന്നതിനും ഈ വർഷം രണ്ടാംഘട്ട പ്രതിരോധ കുത്തിവെപ്പ് യജ്ഞമാണ് പഞ്ചായത്ത് നടത്തുന്നത്.  പഞ്ചായത്ത്  പ്രസിഡന്റ് കെ.ആർ. ഷൈലകുമാർ, വൈസ് പ്രസിഡന്റ് ബിൻസി ജോസഫ്, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ പി.കെ. മണിലാൽ, വികസനകാര്യ സ്ഥിരം സമിതി ചെയർമാൻ സോജി ജോർജ്, ആരോഗ്യ പ്രവർത്തകർ, വെറ്റിനറി ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.