തെരുവു നായ ശല്യം രൂക്ഷം: വൈക്കം മഹാദേവ ക്ഷേത്രത്തിൽ എത്തുന്ന ഭക്തജനങ്ങൾ ഭീതിയിൽ

വൈക്കം: വൈക്കം മഹാദേവ ക്ഷേത്രത്തിൽ തെരുവുനായക്കളുടെ ശല്യം രൂക്ഷമായതോടെ ഭക്തജനങ്ങൾ ഭീതിയിൽ. ക്ഷേത്ര വളപ്പിൽ നായക്കുട്ടം വിഹരിക്കുന്നതും ദർശനത്തെത്തുന്ന ഭക്തരുടെ നേരെ കുരച്ചു കൊണ്ട് ചാടി വീഴുന്നതും നിത്യ സംഭവമാണ്. ക്ഷേത്രത്തിൻ്റെ നാലു നടകളിലും തെരുവ് നായ്ക്കളുടെ ശല്യം രൂക്ഷമാണ്. പുലർച്ചെ നിർമാല്യ ദർശനത്തിനെത്തുന്ന പ്രായാധിക്യം ഏറിയവർ ഉൾപ്പടെയുള്ള ഭക്തർ അക്രമകാരികളായ നായശല്യം മൂലം ദർശനത്തിന് എത്താൻ പറ്റാത്ത സ്ഥിതിയാണ്. വൈക്കം കിഴക്കേനട കവി യിൽ മഠം റോഡിലും തോട്ടുവക്കത്തും പേവിഷബാധയുള്ള തെരുവ് നായ്ക്കൾ കാൽനട യാത്രക്കാരെയും മറ്റു നായ്ക്കളെയും കഴിഞ്ഞ ദിവസം ആക്രമിച്ചിരുന്നു. ഇതിന്റെ ഭാഗമായി നഗരസഭ തെരുവ് നായ്ക്കളെ പിടികൂടി പ്രതിരോധ കുത്തി വയ്പ് നടത്തി വരുന്നുണ്ട്. ക്ഷേത്ര പരിസരത്ത് രൂക്ഷമായ നായ ശല്യത്തിനെതിരെ നടപടി സ്വീകരിക്കണമെന്ന് ഭക്തജനങ്ങളുടെ ആവശ്യം ശക്തമാണ്.