തലയോലപ്പറമ്പ് ഗ്രാമപഞ്ചായത്തിന് ആധുനിക സൗകര്യങ്ങളോടു കൂടിയ എം.സി.എഫ് നിർമ്മാണം: ജലവിഭവ വകുപ്പ് സ്ഥലം വിട്ട് നൽകി
തലയോലപ്പറമ്പ്: നാല് വർഷം മുമ്പ് 17 ലക്ഷം കുടുംബങ്ങളിൽ ശുദ്ധജല വിതരണം എന്ന സ്ഥാനത്ത് നിന്നും 2025 ൽ 42 ലക്ഷം കുടുംബങ്ങളിലേക്ക് ശുദ്ധജലം എത്തിക്കാൻ സാധിച്ചതായും 44,000 കോടി രൂപയുടെ വിവിധ കുടിവെള്ള പദ്ധതികൾ കൂടി സംസ്ഥാനത്ത് പൂർത്തിയാകുമ്പോൾ എല്ലാവർക്കും കുടിവെള്ളം ലഭിക്കുന്ന ലക്ഷ്യത്തിലേക്ക് നാം എത്തുമെന്നും ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു.തലയോലപ്പറമ്പ് ഗ്രാമപഞ്ചായത്തിന് ആധുനിക സൗകര്യങ്ങളോടു കൂടിയ എം.സി.എഫ് നിർമ്മാണത്തിന് ജലവിഭവ വകുപ്പിന്റെ ഉടമസ്ഥതയിലുള്ള 50 സെൻ്റ് സ്ഥലം വിട്ട് നൽകുന്നതിൻ്റെ പ്രഖ്യാപനവും, ഫലക അനാച്ഛാദനവും നിർവ്വഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഗ്രാമ പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ സി.കെ ആശ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഷിജി വിൻസെൻ്റ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ജോസ് പുത്തൻകാല, കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ജോൺസൺ കൊട്ടുകാപ്പള്ളി, തൃതല ഗ്രാമപഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ പ്രസംഗിച്ചു. വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ഹരിത കർമ്മ സേന അംഗങ്ങൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.