തലയോലപ്പറമ്പിൽ കാറിടിച്ച് സ്കൂട്ടർ യാത്രികന് പരിക്ക്: അപകടത്തിൽപ്പെട്ട കാറിന് പിന്നിൽ മറ്റൊരു കാർ ഇടിച്ചു കയറി

തലയോലപ്പറമ്പ്: എതിരെ വന്ന കാറിടിച്ച് റോഡിൽ തെറിച്ച് വീണ് സ്കൂട്ടർ യാത്രികനായ യുവാവിന് പരിക്ക്. ഇടവട്ടം തുണ്ടത്തിൽ അഖിൽ (25) നാണ് പരിക്കേറ്റത്. ഞായറാഴ്ച രാത്രി 10.45 ഓടെ സിലോൺ കവല ജംഗ്ഷന് സമീപമാണ് അപകടം. അപകടത്തിൽപ്പെട്ട കാറിന് പിന്നിൽ മറ്റൊരു കാറും ഇടിച്ചു കയറി. കടുത്തുരുത്തി ഭാഗത്തുനിന്നും വന്ന സ്കൂട്ടർ സിലോൺ കവല ഭാഗത്ത് വെച്ച് എതിരെ വന്ന കാറിലേക്ക് ഇടിച്ചുകയറിയാണ് അപകടം ഉണ്ടായത്. അപകടത്തെ തുടർന്ന് തലയോലപ്പറമ്പ്- കടുത്തുരുത്തി പ്രധാന റോഡിൽ അരമണിക്കൂറോളം ഗതാഗതം ഭാഗീകമായി തടസ്സപ്പെട്ടു. തലയോലപ്പറമ്പ് എസ് ഐ പി.എസ് സുധീരൻ്റെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി മേൽ നടപടി സ്വീകരിച്ചു. സാരമായി പരിക്കേറ്റ സ്കൂട്ടർ യാത്രികനെ പൊതിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽപ്പെട്ട കാറുകൾക്ക് സാരമായ കേടുപാടുകൾ സംഭവിച്ചെങ്കിലും കാർ യാത്രികർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.