തലയോലപ്പറമ്പിൽ മധ്യവയസ്കന്റെ ഫോൺ തട്ടിയെടുത്ത പ്രതിയെ പോലീസ് പിടികൂടി

തലയോലപ്പറമ്പ്: വീടിനു മുൻവശത്തെ കടയുടെ വരാന്തയിൽ ഇരുന്ന മധ്യവയസ്കന്റെ പുതിയ ഫോൺ കൈക്കലാക്കി കടന്നു കളഞ്ഞ സംഭവത്തിൽ പ്രതിയെ പോലീസ് പിടികൂടി. നിരവധി മോഷണക്കേസുകളിലെ പ്രതിപുത്തൻകുരിശ് മോനപ്പള്ളി കോനോത്ത് പറമ്പിൽ വീട്ടിൽ കെ.എസ് അജിത്ത് ( 21 ) ആണ് തലയോലപ്പറമ്പ് പോലീസിൻ്റെ പിടിയിലായത്. ഫോൺ ചെയ്യാനെന്ന വ്യാജേനെ ഈ മാസം 12 ന് തലയോലപ്പറമ്പ് ആശുപത്രി കവലയ്ക്കു സമീപം വീടിനു മുൻവശത്തെ കടയുടെ വരാന്തയിൽ ഇരിക്കുകയായിരുന്ന മധ്യവയസ്കന്റെ പുതിയ ഫോൺ കൈക്കലാക്കി ബൈക്കിൽ എത്തിയ യുവാവ് കടന്നു കളയുകയായിരുന്നു. തുടർന്ന് പ്രതിക്ക് വേണ്ടി സി.സി.ടി.വി കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് വെള്ളിയാഴ്ച ഉച്ചയ്ക്ക് സംശയാസ്പദമായ രീതിയിൽ മുളന്തുരുത്തി പുളിക്കമാലി ഭാഗത്ത് വച്ച് കണ്ട ഇയാളെ പോലീസ് പിടികൂടിയത്. ഇയാൾ നിരവധി മോഷണ കേസുകളിലും കഞ്ചാവ് കേസുകളിലും പ്രതിയാണെന്ന് പോലീസ് പറഞ്ഞു. കൂത്താട്ടുകുളം, അമ്പലമേട്, ഹിൽപാലസ്, പുത്തൻകുരിശ്, കളമശ്ശേരി, എറണാകുളം സെൻട്രൽ പോലീസ് സ്റ്റേഷൻ എന്നിവിടങ്ങളിൽ ഇയാളുടെ പേരിൽ കേസുകൾ നിലവിലുണ്ടെന്ന് പോലീസ് പറഞ്ഞു. തലയോലപ്പറമ്പ് എസ്.ഐ പി. എസ് സുധീരൻ്റെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. ഫോൺ നഷ്ടപ്പെട്ട മധ്യവയസ്ക്കൻ പ്രതിയെ തിരിച്ചറിഞ്ഞു. മോഷ്ടിച്ചു കൊണ്ടുപോയ മൊബൈൽ ഫോൺ നശിപ്പിച്ച നിലയിൽ ഇയാളുടെ വീടിന് സമീപത്ത് നിന്നും പോലീസ് കണ്ടെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.