തലയോലപ്പറമ്പിൽ രണ്ട് ക്ഷേത്രങ്ങളിൽ മോഷണം

വൈക്കം: തലയോലപ്പറമ്പിൽ രണ്ട് ക്ഷേത്രങ്ങളിൽ മോഷണം. പഞ്ഞിപ്പാലം മാപ്പനാപുരം ധർമ്മശാസ്താ ക്ഷേത്രത്തിലും വടയാർ ഭൂതങ്കരി ധർമ്മശാസ്താ ക്ഷേത്രത്തിലുമാണ് മോഷണം നടന്നത്. വ്യാഴാഴ്ച രാത്രിക്കും വെള്ളിയാഴ്ച പുലർച്ചെക്കുമിടയിലാണ് ഇരു ക്ഷേത്രങ്ങളിലേയും മോഷണം. മറവൻതുരുത്ത് പഞ്ഞിപ്പാലം മാപ്പനാപുരം ധർമ്മശാസ്താ ക്ഷേത്രത്തിലെ വലുതും ചെറുതുമായ 23 നിലവിളക്കുകളാണ് മോഷ്ടാക്കൾ കവർന്നത്. ക്ഷേത്രത്തിനോടു ചേർന്ന് നിർമ്മിച്ചിട്ടുള്ള താൽക്കാലിക ഷെഡ്ഡിലാണ് വിളക്കുകൾ സൂക്ഷിച്ചിരുന്നത്. കൊമ്പുതടം ഭാഗത്തെ കുടുംബങ്ങളുടെ ഉടമസ്ഥതയിലുള്ളതാണ് ഈ ക്ഷേത്രം. തലയോലപ്പറമ്പ് പോലീസിൽ പരാതി നൽകിയെന്ന് ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു. വടയാർ ഭൂതങ്കരി ധർമ്മശാസ്താ ക്ഷേത്രത്തിലെ ഗണപതി കോവിലിൻ്റെ മുന്നിലുള്ള കാണിക്കവഞ്ചിയാണ് മോഷ്ടാക്കൾ കുത്തിത്തുറന്നത്. കുത്തിപ്പൊളിച്ച കാണിക്ക വഞ്ചിയുടെ പൂട്ട് സമീപത്ത് ഉപേക്ഷിച്ച നിലയിലാണ്. കഴിഞ്ഞ ദിവസം കാണിക്ക വഞ്ചിയിലെ പണം എണ്ണി തിട്ടപ്പെടുത്തി എടുത്തിരുന്നതിനാൽ കൂടുതൽ പണം നഷ്ടപ്പെട്ടിട്ടില്ലെന്നും പോലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും ക്ഷേത്രം ഭാരവാഹി അറിയിച്ചു. പരാതിയുടെ അടിസ്ഥാനത്തിൽ തലയോലപ്പറമ്പ് പോലീസ് പ്രദേശങ്ങളിലെ സി.സി.ടി.വി. കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു.