തലയോലപ്പറമ്പിൽ വീട്ടുമുറ്റത്ത് നിന്നും മലമ്പാമ്പിനെ പിടികൂടി

തലയോലപ്പറമ്പ്: വീട്ടുമുറ്റത്ത് കിടന്ന മലമ്പാമ്പിനെ സർപ്പഅംഗം പിടികൂടി. തലയോലപ്പറമ്പ് ഉമ്മാംകുന്ന് ഗോകുലത്തിൽ സുജാതയുടെ വീട്ടുമുറ്റത്ത് കിടന്ന 6 അടിയോളം നീളമുള്ള മലമ്പാമ്പിനെയാണ് പിടികൂടിയത്. വെള്ളിയാഴ്ച രാവിലെ 6 മണിയോടെയാണ് സംഭവം. രാവിലെ മുറ്റം അടിക്കുന്നതിനായി വീട്ടമ്മ പുറത്തിറങ്ങിയപ്പോഴാണ് പാമ്പിനെ കണ്ടത്. സ്ഥലത്തെത്തിയ പഞ്ചായത്ത് അംഗം വനംവകുപ്പ് അധികൃതരെ വിവരം അറിയിച്ചതിനെ തുടർന്ന് പാമ്പ് പിടുത്തത്തിൽ പരിശീലനം ലഭിച്ച സർപ്പ ഗ്രൂപ്പ് അംഗം അരയൻകാവ് സ്വദേശി പി.എസ്. സുജയ് എത്തി വീടിന് സമീപം കിടന്ന വലിയ പൈപ്പിനുള്ളിൽ കയറിയ മലമ്പാമ്പിനെ പിടികൂടി ചാക്കിലാക്കുകയായിരുന്നു. പിടികൂടിയ പാമ്പിനെ വനം വകുപ്പിന് കൈമാറും.