തലയോലപ്പറമ്പിലെ പകൽ വീട് നിർമ്മാണത്തിലെ അഴിമതി അന്വേഷണം നടത്തണം: കോൺഗ്രസ്
തലയോലപ്പറമ്പ്: കോരിക്കൽ നാദംനഗറിലെ പട്ടികജാതി കുടുംബങ്ങളിലെ വയോജനങ്ങൾക്ക് വിശ്രമത്തിനും വിനോദത്തിനും വേണ്ടി പകൽവീട് നിർമ്മിച്ചതിൽ വൻ അഴിമതിയാണ് നടന്നതെന്ന് ആരോപിച്ച് കോൺഗ്രസ് വാർഡ് കമ്മറ്റിയുടെ നേതൃത്വത്തിൽ സായാഹ്ന ധർണ്ണയും പ്രതിക്ഷേധ യോഗവും നടത്തി.നാദം ജംഗ്ഷനിൽ നടന്ന പ്രതിക്ഷേധ യോഗത്തിൽ വാർഡ് പ്രസിഡൻ്റ് പി.സി പ്രസാദ് അധ്യക്ഷത വഹിച്ചു. തലയോലപ്പറമ്പ് ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് എം.കെ. ഷിബു ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻ്റ് കെ.ഡി. ദേവരാജൻ, മുൻ ബ്ലോക്ക് പ്രസിഡൻ്റ് അഡ്വ.പി.പി. സിബിച്ചൻ, വി.ടി. ജയിംസ്, കെ.കെ. ഷാജി, എം.ജെ. ജോർജ്, ജോസ് വി.ജേക്കബ്, പി.കെ ജയപ്രകാശ്, എം. അനിൽകുമാർ, കുമാരി കരുണാകരൻ, വിജയൻ മാനാമ്പറ തുടങ്ങിയവർ പ്രസംഗിച്ചു. കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്തിൻ്റെ 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 10 ലക്ഷം രൂപ വിനിയോഗിച്ച് നിർമ്മിച്ച പകൽ വീടിൻ്റെ തുക ഭൂരിഭാഗവും അടിച്ച് മാറ്റുകയാണ് ഉണ്ടായതെന്ന് നേതാക്കൾ ആരോപിച്ചു. ലൈഫ് പദ്ധതിയിലൂടെ 420 ചതുരശ്ര അടിയുള്ള വീട് നിർമിക്കാൻ 4 ലക്ഷം രൂപ അനുവദിക്കുമ്പോൾ അതിൻ്റെ പകുതി വലുപ്പം പോലും ഇല്ലാത്ത പകൽവീടിന് 10 ലക്ഷം രൂപയ്ക്കാണ് നിർമ്മിച്ചിരിക്കുന്നത്. കെട്ടിടനിർമാണവുമായി ബന്ധപ്പെട്ട് വൻ അഴിമതിയാണ് നടന്നിരിക്കുന്നതെന്ന് പ്രദേശവാസികൾ ഉൾപ്പടെ ആരോപണം ഉന്നയിച്ചതോടെയാണ് സംഭവം വിവാദമായത്. യാതൊരു അടിസ്ഥാന സൗകര്യങ്ങളുമില്ലാതെയും പൂർണമായും ഭിത്തി കെട്ടിത്തിരിക്കാതെയുമാണ് പകൽ വീട് നിർമ്മിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം ഇതിൻ്റെ ഉദ്ഘാടനം നിശ്ചയിച്ചിച്ചെങ്കിലും നാട്ടുകാരുടെ എതിർപ്പിനെ തുടർന്ന് അത് മാറ്റി വയ്ക്കുകയായിരുന്നു. സംഭവത്തിൽ വിശദമായ അന്വോഷണം നടത്തണമെന്ന് കോൺഗ്രസ് വാർഡ് കമ്മറ്റി അവശ്യപ്പെട്ടു.