തോട്ടകം ഗവൺമെൻ്റ് എൽ.പി സ്കൂളിലെ മതിൽ ഇടിഞ്ഞ് വീണു
വൈക്കം: തലയാഴം പഞ്ചായത്തിലെ എൽ.പി സ്കൂളിലെ മതിൽ ഇടിഞ്ഞ് വീണു. തോട്ടകം ഗവൺമെൻ്റ് എൽ.പി സ്കൂളിൻ്റെ കരിയാറിനോട് ചേർന്ന ഭാഗത്തെ മതിലാണ് ആറ്റിലേക്ക് മറിഞ്ഞ് വീണത്. ചുറ്റുമതിലിലെ 20മീറ്ററോളം ഭാഗമാണ് ആറ്റിലേക്ക് മറിഞ്ഞത്. സാധാരണ കുട്ടികൾ സ്കൂളിൽ കളിക്കുന്നത് ഇതിന് സമീപ ഭാഗങ്ങളിലാണ്. പുഴയോട് ചേർന്ന ഭാഗത്തെ മതിൽ തകർന്നതോടെ കുട്ടികൾക്ക് അപകടസാധ്യതയും ഏറിയിട്ടുണ്ട്. 15ലക്ഷം രൂപ വിനിയോഗിച്ച് നിർമിച്ച മതിൽ ഒരുവർഷമാകുന്നതിന് മുമ്പേ തകർന്നു വീണത് നിർമാണത്തിലെ അപാകത മൂലമാണെന്ന് ആക്ഷേപം. സംഭവത്തിൽ അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്നും ഉടനെ തന്നെ മതിൽ പുനർനിർമ്മിച്ച് അപകടാവസ്ഥ ഒഴിവാക്കണമെന്നും ബി.ജെ.പി. പ്രദേശിക നേതൃത്വം ആവശ്യപ്പെട്ടു.