വൈക്കത്ത് വീണ്ടും തെരുവ് നായ ആക്രമണം: ഒരാൾക്ക് കടിയേറ്റു

വൈക്കം: വൈക്കത്ത് വീണ്ടും തെരുവ് നായ ആക്രമണം. പേവിഷബാധ സംശയിക്കുന്ന തെരുവ് നായ ചത്തു. വെള്ളിയാഴ്ച രാവിലെ മുതൽ പേവിഷബാധ സംശയിക്കുന്ന തെരുവ് നായ നാല് പേരെയാണ് ആക്രമിച്ചത്. ഇതിൽ ഒരാൾക്ക് കടിയേൽക്കുകയായി രുന്നു. വഴിയോരത്ത് ഷെഡ്ഡിൽ കഴിയുന്ന കുഞ്ഞുമോനാണ് നായയുടെ കടിയേറ്റത്. ഇയാളെ പിന്നീട് വൈക്കം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിരവധി നായ്ക്കൾക്കും ചത്ത നായയുടെ കടിയേറ്റതായി നാട്ടുകാർ പറയുന്നു. വൈക്കം തോട്ടുവക്കത്ത് വെള്ളിയാഴ്ച രാവിലെ മുതലാണ് തെരുവ് നായയുടെ ആക്രമണം ഉണ്ടായത്. തുടർന്ന് അക്രമകാരിയായ തെരുവ് നായയെ നാട്ടുകാർ പിടി കൂടി നിരീക്ഷണ ത്തിലാക്കിയെങ്കിലും ശനിയാഴ്ച രാവിലെ ചത്തു.

രാവിലെ മുതൽ അപകടകാരിയായ തെരുവ് നായ കാൽനടയാത്രക്കാരെയും മറ്റും ഓടിച്ചിട്ട് ആക്രമിക്കുകയായിരുന്നു എന്ന് നാട്ടുകാർ പറയുന്നു. വൈക്കം നഗരസഭ ജെ.എച്ച്.ഐയുടെ നേതൃത്വത്തിൽ ചത്ത നായയെ പോസ്റ്റുമോർട്ടത്തിനായി തിരുവല്ലയിലുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോയി. പരിശോധന ഫലം എത്തിയാലെ പേ വിഷബാധ സ്ഥിരീകരിക്കാൻ കഴിയു. അതെ സമയം പ്രദേശത്ത് തെരുവു നായ്ക്കളുടെ ശല്യം രൂക്ഷമാണെന്നും സ്ക്കൂൾ കുട്ടികളടക്കം നിരവധി പേർ യാത്ര ചെയ്യുന്ന ഇവിടെ നിന്നും തെരുവു നായ്ക്കളെ പടികൂടി മാറ്റണമെന്നും പ്രദേശവാസികൾ ആവശ്യപ്പെട്ടു. കഴിഞ്ഞ 7 ന് വൈക്കം നഗരസഭ പത്താം വാർഡിൽ കവിയിൽ മഠം - അണിമംഗലം ഭാഗത്ത് നിരവധി നായ്ക്കളെ കടിച്ച തെരുവ് നായ ചത്തത് നാട്ടുകാരെ ഭീതിയിലാക്കിയിരുന്നു. ചത്ത നായക്ക് പിന്നീട് പേവിഷബാധ സ്ഥിരീകരിച്ചിരുന്നു. കഴിഞ്ഞ മാസം 20 ന് തലയോലപ്പറമ്പ് തലപ്പാറയിൽ വീട്ടുകാർ വളർത്തിയിരുന്ന ആടുകളെയും താറാവുകളെയും കൂട്ടമായി എത്തിയ തെരുവ് നായ്ക്കൾ ആക്രമിച്ചിരുന്നു. പരിക്കേറ്റ രണ്ട് ആടും 3 താറാവുകളും ചാകുകയും രണ്ട് ആടുകൾക്ക് ആക്രമണത്തിൽ ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു. മറവൻതുരുത്ത് വാഴേകാട് ഭാഗത്ത് ഏതാനും ആഴ്ചകൾക്ക് മുമ്പാണ് കോഴിഫാമിൻ്റെ കൂട് തകർത്ത് തെരുവ് നായ്ക്കൾ 600 ഓളം കോഴികളെ കടിച്ച് കൊന്നത്. ആക്രമണത്തിൽ പരിക്കേറ്റ 200 ഓളം കോഴികൾ പിന്നീട് ചത്ത് വീണു. വൈക്കം നഗരത്തിലും സമീപ പഞ്ചായത്തുകളിലും അപകടകാരികളായ തെരുവ് നായ്ക്കളുടെ ശല്യം അതി രൂക്ഷമാണ്. കൂട്ടം കൂടി എത്തുന്ന തെരുവ് നായ്ക്കൾ പ്രഭാതസവാരിക്കാർ ഉൾപ്പടെയുള്ള കാൽനടയാത്രക്കാർക്കും ഇരുചക്രവാഹന യാത്രികർക്കും ഏറെ ഭീഷണിയാണ് ഉളവാക്കുന്നത്.