ഉദയനാപുരം ക്ഷേത്രത്തിലെ ആറാട്ടും കൂടിപ്പൂജയും നാളെ
വൈക്കം: ഉദയനാപുരം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ ആറാട്ടും കൂടിപ്പൂജയും നാളെ നടക്കും. വൈകിട്ട് 5 ന് തന്ത്രിമാരായ ഭദ്രകാളി മറ്റപ്പള്ളി നാരായണൻ നമ്പൂതിരി, കിഴക്കിനേടത്ത് മേക്കാട് മാധവൻ നമ്പൂതിരി എന്നിവരുടെ കാർമ്മികത്വത്തിൽ നടക്കുന്ന പൂജകൾക്ക് ശേഷമാണ് ആറാട്ടെഴുന്നള്ളിപ്പ്. മൂലവിഗ്രഹമാണ് എഴുന്നള്ളിപ്പിന് ഉപയോഗിക്കുന്നത്. വൈക്കം ക്ഷേത്രത്തിന്റെ കിഴക്ക് ഭാഗത്തുള്ള ആറാട്ട് കുളത്തിലാണ് ഉദയനാപുരത്തപ്പന്റെ ആറാട്ട്. ഉദയനാപുരത്തപ്പൻ വൈക്കം ക്ഷേത്രത്തിന്റെ വടക്കെ ഗോപുരം കയറി നിൽക്കുന്ന മൂഹൂർത്തത്തിൽ വൈക്കത്തപ്പൻ ആർഭാടപൂർവം എഴുന്നള്ളി ഉദയനാപുരത്തപ്പനെ ആചാരപൂർവം സ്വീകരിച്ച് ആറാട്ടിനായി ആനയിക്കും. ആറാട്ടിനായി എഴുന്നള്ളുന്ന ഉദയനാപുരത്തപ്പനായി, വൈക്കത്തപ്പൻ തളക്കല്ല് ഒഴിഞ്ഞു കൊടുക്കുന്നതും പ്രത്യേകതയാണ്. തന്ത്രിമാരുടെ കാർമ്മികത്വത്തിൽ ആറാട്ട് കുളത്തിൽ നടക്കുന്ന ആറാട്ടിന് ശേഷം ഉദയനാപുരത്തപ്പൻ വൈക്കം ക്ഷേത്രത്തിലേക്ക് എഴുന്നള്ളും. ശ്രീകോവിലിൽ പിതാവായ വൈക്കത്തപ്പനെയും പുത്രനായ ഉദയനാപുരത്തപ്പനെയും ഒരേ പീഠത്തിലിരുത്തി കൂടിപ്പൂജ നടത്തും പിതാവിന്റെ മടിയിൽ പുത്രൻ ഇരിക്കുന്നുവെന്നുമാണ് വിശ്വാസം. തുടർന്ന് മണ്ഡപത്തിൽ നടക്കുന്ന വിശേഷാൽ പൂജകൾക്ക് ശേഷം കൂടി പൂജ വിളക് ആരംഭിക്കും. വിവിധ വാദ്യമേളങ്ങളോടെ പ്രദക്ഷിണം പൂർത്തിയാക്കി വിളക്കെഴുന്നള്ളിപ്പ് സമാപിക്കും. സമാപനഘട്ടത്തിൽ എഴുന്നളളിപ്പുകൾ മുഖാമുഖം നിന്നു യാത്ര ചോദിക്കുന്ന ചടങ്ങും നടക്കും.