ഉദയനാപുരം പഞ്ചായത്തിനെയും വൈക്കം നഗരസഭയെയും ബന്ധിപ്പിച്ച് കണിയാം തോടിന് കുറുകെ പാലം വരുന്നു: 17 ന് ശിലയിടും
വൈക്കം: വൈക്കം നഗരസഭയെയും ഉദയനാപുരം ഗ്രാമപഞ്ചായത്തിനെയും എളുപ്പ മാര്‍ഗ്ഗം ബന്ധിപ്പിക്കുന്ന കാരയില്‍ കണിയാംതോടിന് കുറുകെ പാലം നിര്‍മിക്കാന്‍ പദ്ധതിയായത് ഇരു മേഖലകളിലെയും പ്രദേശവാസികളുടെ കാത്തിരിപ്പിന് വിരാമമാകുന്നു. ഉള്‍നാടന്‍ മേഖലയായ ഉദയനാപുരം പഞ്ചായത്തിലെ തീരദേശവാസികള്‍ക്ക് വൈക്കം നഗരവുമായി ബന്ധപ്പെടാന്‍ പുതിയൊരു മാര്‍ഗ്ഗം കൂടി പാലം നിര്‍മാണത്തോടെ തുറന്നുകിട്ടുമെന്ന് വാര്‍ഡ് കൗണ്‍സിലര്‍ അശോകന്‍ വെള്ളവേലി പറഞ്ഞു. 17 ന് വൈകിട്ട് 4.30 ന് പാലം നിര്‍മാണത്തിന്റെ ശിലാസ്ഥാപനം സി.കെ. ആശ എം.എല്‍.എ നിര്‍വഹിക്കും. എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും അനുവദിച്ച 65 ലക്ഷം രൂപ ചെലവിലാണ് പാലം നിര്‍മ്മിക്കുന്നത്. വൈക്കം നഗരസഭയിലെ താലൂക്ക് ഗവണ്‍മെന്റ് ആയുര്‍വേദ ആശുപത്രി റോഡും ഉദയനാപുരം പഞ്ചായത്തിലെ വൈപ്പിന്‍പടി കലിങ്ക് റോഡുമായി ബന്ധിപ്പിച്ചാണ് കണിയാംതോടിന് കുറുകെ പാലം നിര്‍മിക്കുന്നത്.