ഉല്ലാസയാത്രക്കിടെ കായലിൽ വീണ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി

വൈക്കം: സുഹൃത്തുക്കൾക്കൊപ്പം വൈക്കം മറിഞ്ഞപുഴയിൽ ഉല്ലാസയാത്രയ്ക്ക് എത്തി വേമ്പനാട്ട് കായലിൽ മണൽതിട്ടയുള്ള ഭാഗത്ത് ഇറങ്ങി നീന്തുന്നതിനിടെ കയത്തിൽ മുങ്ങി കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി. അങ്കമാലി അയിരൂർ അണേകാട്ടിൽ വീട്ടിൽ രഘു (45) വിൻ്റെ മൃതദേഹമാണ് ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിൽ കണ്ടെത്തിയത്. ഞായറാഴ്ച ഉച്ചയ്ക്ക് 2 മണിയോടെ മുറിഞ്ഞപുഴ ഭാഗത്താണ് അപകടം ഉണ്ടായത്. സുഹൃത്തുക്കളായ 12 പേരടങ്ങുന്ന സംഘത്തോടൊപ്പം ഉല്ലാസയാത്രക്കായി കാട്ടിക്കുന്ന് കോക്കനട്ട് മെഡോസിൽ എത്തി മുറിഞ്ഞപുഴയിൽ ശിക്കാരി ബോട്ട് യാത്ര നടത്തുന്നതിനിടെയാണ് അപകടം ഉണ്ടായത്. മുറിഞ്ഞപുഴ കായലിൽ മണൽതിട്ടയുള്ള ഭാഗത്ത് സംഘം ഇറങ്ങുകയായിരുന്നു. ഇതിനിടെ രഘു നീന്തുന്നതിനിടെ കയത്തിൽ മുങ്ങി താഴുകയായിരുന്നു. കൂടെയുളളവർ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് നാട്ടുകാരും വൈക്കം ഫയർഫോഴ്സും ചേർന്ന് നടത്തിയ തിരച്ചിലിൽ 3.30 ഓടെ മുങ്ങി താഴ്ന്ന സ്ഥലത്തിന് സമീപത്ത് നിന്നും മൃതദേഹം കണ്ടെടുക്കുകയായിരുന്നു. മൃതദേഹം വൈക്കം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. വൈക്കം പോലീസ് മേൽനടപടികൾ സ്വീകരിച്ചു. ഭാര്യ: ദിവ്യ. മക്കൾ: അനന്ദു, നന്ദന (ഇരുവരും വിദ്യാർഥികൾ ). ഏപ്രിൽ 23ന് ബന്ധുക്കളോടൊപ്പം ഉല്ലാസയാത്രയ്ക്ക് എത്തിയ തിരുവനന്തപുരം സ്വദേശിയായ റിട്ടയേർഡ് കെൽട്രോൺ ഉദ്യോഗസ്ഥൻ മണൽതിട്ടയിൽ ഇറങ്ങി നീന്തുന്നതിനിടെ കയത്തിൽപ്പെട്ട് മുങ്ങി മരിച്ചിരുന്നു. ഈ ഭാഗത്ത് ചില ഇടങ്ങളിൽ ചെളിയും ആഴമേറിയ കയങ്ങളും ഉള്ളത് അറിയാത്തതാണ് പലപ്പോഴും അപകടത്തിന് കാരണമാകുന്നത്.