വാഹനാപകടം: യുവാവിന് ഗുരുതര പരിക്ക്

തലയോലപ്പറമ്പ്: കാറും ബുള്ളറ്റും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഇരു ചക്രവാഹന യാത്രികനായ യുവാവിന് ഗുരുതര പരിക്ക്. മറവൻതുരുത്ത് കടൂക്കര പടിഞ്ഞാറെ മേലോത്ത് പി.എസ്. മിഥുൻ (32) നാണ് പരിക്കേറ്റത്. പെരുവ-തലപ്പാറ റോഡിൽ കീഴൂർ പ്ലാംചുവട് ജംഗ്ഷന് സമീപം തിങ്കളാഴ്ച വൈകിട്ട് 6.30 ഓടെയാണ് അപകടം. കീഴൂരിൽ നിന്നും തലയോലപ്പറമ്പ് ഭാഗത്തേക്ക് പോകുകയായിരുന്നു ബുള്ളറ്റ് യാത്രികൻ. പൊതിയിൽ നിന്നും ആപ്പാഞ്ചിറ ഭാഗത്തേക്ക് പോകുകയായിരുന്നു കാർ. ഇടിയുടെ ആഘാതത്തിൽ ബുള്ളറ്റ് യാത്രികൻ തെറിച്ച് റോഡരികിലെ വൈദ്യുതി പോസ്റ്റിൽ ഇടിച്ച ശേഷം റോഡിൽ വീഴുകയായിരുന്നു. ഓടിയെത്തിയ നാട്ടുകാർ യുവാവിനെ ഉടൻ പൊതിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. പരിക്ക് ഗുരുതരമായതിനെ തുടർന്ന് പിന്നീട് വിദഗ്ധ ചികിത്സക്കായി യുവാവിനെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.