|
Loading Weather...
Follow Us:
BREAKING

വാഹനാപകടത്തിൽ മരണമടഞ്ഞ സുഹൃത്തുക്കൾക്ക് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി

വാഹനാപകടത്തിൽ മരണമടഞ്ഞ സുഹൃത്തുക്കൾക്ക്  കണ്ണീരിൽ കുതിർന്ന യാത്രാമൊഴി

വൈക്കം: തലപ്പാറയിൽ കാറും ലോറിയും കൂട്ടി ഇടിച്ച് ഉണ്ടായ അപകടത്തിൽ മരണമടഞ്ഞ സുഹൃത്തുക്കൾക്ക് നാടിൻ്റെ കണ്ണീരിൽ കുതിർന്ന യാത്രാമൊഴി. തലയോലപ്പറമ്പ് കരിപ്പാടം ദാറുസുബഹ് (ഇടപരത്തിൽ) വീട്ടിൽ ടി.എം. റഷീദ്-സജീല ദമ്പതികളുടെ മകൻ മുർത്തൂസ അലി റഷീദ് (27), വൈക്കം പുളിന്തുരുത്തിൽ പി.എസ്. അബു-റുക്സാന ദമ്പതികളുടെ മകൻ ഋതിക് മുഹമ്മദ് (29) എന്നിവരാണ് അപകടത്തിൽ മരിച്ചത്. വെള്ളിയഴ്ച രാത്രി 12 മണിയോടെ തലപ്പാറ-എറണാകുളം റോഡിൽ കൊങ്ങിണി മുക്കിൽ വച്ചാണ് നാടിനെ നടുക്കിയ ദുരന്തം ഉണ്ടായത്. വെട്ടിക്കാട്ട് മുക്ക് ഭാഗത്തേക്ക് കാറിൽ പോകുകയായിരുന്നു ഇരുവരും. വടകര ഭാഗത്ത് നിന്നും തലപ്പാറ ഭാഗത്തേക്ക് ഇലക്ട്രോണിക്ക് ഉപകരണങ്ങളുമായി വരികയായിരുന്നു ലോറിയുമായി മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ കൂട്ടി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാറിൻ്റെ മുൻവശം പൂർണ്ണമായി തകർന്നു. ഗുരുതരമായി പരിക്കേറ്റ് കാറിനുള്ളിൽ കുടുങ്ങിയ ഇരുവരെയും നാട്ടുകാരും പോലീസും ചേർന്ന് പുറത്തെടുത്ത് ഉടൻ ആശുപത്രിയിൽ എത്തിച്ചു. മുർത്തൂസ അലിയെ പൊതിയിലെ ആശുപത്രിയിലും ഋതിക്കിനെ മുട്ടുചിറയിലെ സ്വകാര്യ ആശുപതിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വെട്ടിക്കാട്ട് മുക്കിൽ വാഹന സർവ്വീസ് സെൻ്റർ നടത്തിവരികയായിരുന്നു മുർത്തൂസ അലി. വൈക്കത്ത് ബിസിനസ്സ് നടത്തുന്ന ആളാണ് ഋതിക്ക്. ഇരുവരും അവിവാഹിതരാണ്. പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം മുർത്തൂസ അലിയുടെ കബറടക്കം കരിപ്പാടം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടത്തി. റിഥുൻ റഷീദ്, റായിസ് അലി റഷീദ് എന്നിവരാണ് മുർത്തൂസയുടെ സഹോദരങ്ങൾ. ഋതിക്കിൻ്റെ കബറടക്കം നക്കംത്തുരുത്ത് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടത്തി. . അമാൻ, റിസ്വാൻ എന്നിവരാണ് ഋതിക്കിൻ്റെ സഹോദരങ്ങൾ. ജനപ്രതിനിധികളും സാമൂഹ്യ രാഷ്ട്രീയ രംഗത്തെ പ്രമുഖരും സുഹൃത്തുക്കളും നാട്ടുകാരും അടക്കം നൂറ് കണക്കിന് ആളുകൾ ഇരുവരുടെയും സംസ്കാര ചടങ്ങുകളിൽ പങ്കെടുത്തു.