വാക്കേത്തറ - കപിക്കാട് റോഡ് ടെണ്ടര്‍ ചെയ്തു
വൈക്കം: കല്ലറ, തലയാഴം പഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന വാക്കേത്തറ-കപിക്കാട് റോഡ് ടെണ്ടര്‍ ചെയ്തതായി സി.കെ. ആശ എം.എല്‍.എ അറിയിച്ചു. നിര്‍മാണ പ്രവൃത്തികള്‍ക്കായി കിഫ്ബിയില്‍ നിന്നും 25.02 കോടി രൂപയുടെ അന്തിമ സാമ്പത്തിക അനുമതി ലഭിച്ചിരുന്നു. 2024 മാര്‍ച്ചില്‍ റോഡ് നിര്‍മാണത്തിനായി ആദ്യഘട്ടത്തില്‍ കിഫ്ബിയില്‍ നിന്നും 19.64 കോടി രൂപയാണ് അനുവദിച്ചിരുന്നത്. എന്നാല്‍ വാക്കേത്തറ പാലത്തിന്റെ അപ്രോച്ച് റോഡ് നിര്‍മാണവുമായി ബന്ധപ്പെട്ടുണ്ടായ സാങ്കേതിക പ്രശ്‌നങ്ങള്‍ മൂലം റോഡ് നിര്‍മാണം നീണ്ടു. തുടര്‍ന്ന് കിഫ്ബി-കെ.ആര്‍.എഫ്.ബി ഉന്നത ഉദ്യോഗസ്ഥ തലത്തില്‍ എം.എല്‍.എ യോഗം വിളിച്ചു പ്രശ്‌നങ്ങള്‍ പരിഹരിച്ചു പുതുക്കിയ ഡിസൈനിലെ അപ്രോച്ച് റോഡ് നിര്‍മാണമടക്കം ഉള്‍ക്കൊള്ളിച്ചണ് 25.02 കോടി രൂപയുടെ പുതുക്കിയ സാമ്പത്തിക അനുമതി നേടിയെടുത്തത്. 201617 സാമ്പത്തിക വര്‍ഷത്തിലെ ബജറ്റില്‍ പ്രഖ്യാപിക്കപ്പെട്ട കല്ലറ-കപിക്കാട്-വാക്കേത്തറ റോഡ് ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന സാങ്കേതിക പ്രശ്‌നങ്ങളെ തുടര്‍ന്ന് തടസ്സപ്പെട്ടിരുന്നു. വിഷയത്തില്‍ സി.കെ. ആശ എം.എല്‍.എയുടെ നിരന്തരമായ ഇടപെടലിനെ തുടര്‍ന്ന്, ഭൂമി ഏറ്റെടുക്കല്‍ അപ്രായോഗികമാണെന്ന് കണ്ടെത്തിയ തോട്ടകം-വാക്കേത്തറ, കല്ലറ-കപിക്കാട് റീച്ചുകള്‍ ഒഴിവാക്കി വാക്കേത്തറ-കപിക്കാട് റോഡ് മെച്ചപ്പെടുത്തല്‍ എന്നു പേര് മാറ്റിയാണ് പദ്ധതി മുന്നോട്ടുപോയത്.
കേരള റോഡ് ഫണ്ട് ബോര്‍ഡ് (കെആര്‍എഫ്ബി) സമര്‍പ്പിച്ച വിശദമായ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് 5.775 കിലോമീറ്റര്‍ നീളത്തിലും 3.80 മീറ്റര്‍ ടാറിങ്ങും സൈഡ് കോണ്‍ക്രീറ്റിങ് അടക്കം 5.80 മീറ്റര്‍ വീതിയിലുമായി ഉന്നത നിലവാരത്തിലുള്ള റോഡ് നിര്‍മാണത്തിനാണ് കിഫ്ബി തുക അനുവദിച്ചിട്ടുള്ളത്. കെ.ആര്‍.എഫ്ബി ഡിപ്പോസിറ്റ് വര്‍ക്ക് എന്ന രീതിയിലായിരിക്കും റോഡിന്റെ നിര്‍മാണ നിര്‍വഹണം. നിര്‍മാണം പൂര്‍ത്തീകരിക്കുന്നതോടെ ഒരു പ്രദേശത്തെ കാലങ്ങളായുള്ള യാത്രാ ദുരിതത്തിനാണ് പരിഹാരമാകും. ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയാക്കി റോഡിന്റെ നിര്‍മാണം ഉടന്‍ ആരംഭിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തീകരിച്ച് കോണ്‍ട്രാക്ട് എഗ്രിമന്റ് നടപ്പിലാക്കി ഉടന്‍ തന്നെ റോഡ് നിര്‍മാണം ആരംഭിക്കുമെന്നും എം.എല്‍.എ അറിയിച്ചു