വൈക്കം ബ്ലോക്ക് പഞ്ചായത്ത് പട്ടികജാതി യുവജനങ്ങൾക്ക് വാദ്യോപകരണങ്ങൾ വിതരണം ചെയ്തു
വൈക്കം: വൈക്കം ബ്ലോക്ക് പഞ്ചായത്ത് 25-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള വിവിധ പഞ്ചായത്തുകളിലെ പട്ടികജാതി യുവജനങ്ങൾക്ക് വാദ്യോപകരണങ്ങൾ വിതരണം ചെയ്തു. വൈക്കം ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന വിതരണ ഉദ്ഘാടനം വൈക്കം എം.എൽ.എ. സി.കെ. ആശ നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്തിൽ കീഴിലുള്ള ചെമ്പ്, മറവന്തുരുത്ത്, ഉദയനാപുരം, ടി.വി. പുരം തലയാഴം ഗ്രാമപഞ്ചായത്തുകളിൽ നിന്നായി 10 ഗ്രൂപ്പുകളെയാണ് ഗുണഭോക്താക്കളായി തെരഞ്ഞെടുത്തിട്ടുള്ളത്. ഒരു ഗ്രൂപ്പിൽ അഞ്ച് പേരെയാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. നിരവധി കലാകാരന്മാർ പട്ടികജാതി കുടുംബങ്ങളിൽ ഉള്ളപ്പോഴും, ജീവിതപ്രയാസങ്ങളിൽ കലാപരമായ വേദികളിലേക്ക് കടന്നുവരുവാൻ പറ്റാത്ത സാഹചര്യത്തിലാണ് ഭൂരിപക്ഷം പേരും. സാമ്പത്തികപരമായി പിന്നോക്കം നിൽക്കുന്ന പ്രൊഫഷണൽ കലാകാരന്മാരോടൊപ്പം തന്നെ മറ്റു കലാകാരന്മാർക്കും മതിയായ വാദ്യോപകരണങ്ങൾ വാങ്ങിച്ച് നൽകുന്നതിനാണ് ബ്ലോക്ക് പഞ്ചായത്ത് പദ്ധതി ഒരുക്കിയത്. 10 ലക്ഷം രൂപയാണ് ഈ പദ്ധതിക്കായി ബ്ലോക്ക് പഞ്ചായത്ത് നീക്കിവെച്ചത്. വൈക്കത്തെ അനുഗ്രഹീത കലാകാരന്മാരെ സഹായിക്കുവാൻ കഴിഞ്ഞതിന്റെ ചാരിതാർത്ഥ്യത്തിലാണ് വൈക്കം ബ്ലോക്ക്പഞ്ചായത്ത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ബിജു അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.എസ്. ഗോപിനാഥൻ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എം.കെ. റാണിമോൾ, ആരോഗ്യം വിദ്യാഭ്യാസം സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സുജാത മധു, ചെമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുകന്യ സുകുമാരൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ എം.കെ. ശീ മോൻ, ജസീല നവാസ്, രേഷ്മ പ്രവീൺ, ഒ.എം. ഉദയപ്പൻ, സുലോചന പ്രഭാകരൻ, കെ.കെ. രഞ്ജിത്ത് എന്നിവർ പ്രസംഗിച്ചു. പരിപാടിയോട് അനുബന്ധിച്ച് വൈക്കത്തെ കലാകാരന്മാർ അവതരിപ്പിച്ച മ്യൂസിക് ഇവന്റ് അരങ്ങേറി.