വൈക്കം നഗരസഭയിൽ സ്വതന്ത്രരുടെ തീരുമാനം നിർണ്ണായകം
എസ്. സതീഷ്കുമാർ
വൈക്കം: നഗരസഭയിൽ തെരഞ്ഞെടുത്ത അംഗങ്ങൾ ഞായറാഴ്ച സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ രണ്ട് സ്വതന്ത്രരുടെ പിന്തുണ തേടാൻ കോൺഗ്രസ് പ്രാദേശിക നേതൃത്വം ശ്രമം തുടങ്ങി. 27 അംഗങ്ങളുള്ള നഗരസഭയിൽ 13 അംഗങ്ങളുമായി ഭരിക്കേണ്ട യു.ഡി.എഫ് കേവല ഭൂരിപക്ഷം തികക്കാനാണ് ശ്രമം നടത്തുന്നത്. രണ്ട് സ്വതന്ത്രരും ഏഴ് എൽ.ഡി.എഫ് മുന്നണി അംഗങ്ങളുമായി 9 പേരുമായാണ് ഇടതുപക്ഷം പ്രതിപക്ഷത്തിരിക്കേണ്ടത്. ബി.ജെ.പിക്ക് മൂന്ന് പേരാണ് ഉള്ളത്. ബി.ജെ.പി റിബലായി ജയിച്ച ഗിരിജാകുമാരിയേയും, കഴിഞ്ഞ ഭരണകാലത്ത് ഇടത്പക്ഷത്തോടൊപ്പം നിന്ന് എന്നാൽ ഈ തെരഞ്ഞെടുപ്പിലും സ്വതന്ത്രയായി മത്സരിച്ച് സി.പി.എം സ്ഥാനാർത്ഥിയെ തോൽപ്പിച്ച എ.സി. മണിയമ്മയേയുമാണ് കോൺഗ്രസ് ഒപ്പം നിർത്താൻ ശ്രമം തുടങ്ങിയത്. എന്നാൽ ഈ സ്വതന്ത്രർ രണ്ട് പേരും അവർ മുൻമ്പ് ഒപ്പം നിന്നിരുന്ന പാർട്ടിക്കൊപ്പം ഇനി നഗരസഭയിലുണ്ടാവില്ല എന്നാണ് ലഭിക്കുന്ന വിവരം. ഇതോടെയാണ് കോൺഗ്രസ് ഇവരെ ഒപ്പം നിർത്താൻ ചർച്ചകൾ തുടങ്ങിയത്. 13-ാം വാർഡായ അയ്യർകുളങ്ങരയിൽ നിന്ന് ജയിച്ച ഏ.സി. മണിയമ്മ എൽ.ഡി.എഫിന് ഒപ്പമില്ലെന്ന് തീരുമാനിച്ചെങ്കിലും തനിക്കൊപ്പമുള്ള പ്രവർത്തകരുടെ കൂട്ടായ്മയുമായി ആലോചിച്ചായിരിക്കും ഇത്തവണ നിലപാട് തീരുമാനിക്കുന്നത്. എന്നാൽ കോൺഗ്രസ് ഇതിനായി തന്നെ സമീപിച്ചിട്ടെല്ലെന്നും മണിയമ്മ പറഞ്ഞു. 22ാം വാർഡായ ടൗണിൽ നിന്ന് ജയിച്ച ഗിരിജാകുമാരിയുമായി കോൺഗ്രസ് നേതൃത്വം നേരിട്ട് ചർച്ച നടത്തിക്കഴിഞ്ഞു. എന്നാൽ ഒരു പ്രധാന സ്ഥാനം നൽകിയാൽ മാത്രമെ യു.ഡി.എഫിന് അനുകൂല നിലപാടുമായി ഉണ്ടാകു എന്ന് ഗിരിജാകുമാരി കോൺഗ്രസ് നേതൃത്വത്തെ അറിയിച്ച് കഴിഞ്ഞു. തനിക്ക് ഭരണത്തിൽ നൽകേണ്ട ആ സ്ഥാനം കൃത്യമായി പറഞ്ഞാണ് ഗിരിജാകുമാരി നയം വ്യക്തമാക്കിയിരിക്കുന്നത്. എന്നാൽ കോൺഗ്രസിൻ്റെ തന്നെ അംഗങ്ങൾ ഭരണനേതൃത്വത്തിൻ്റെ രണ്ടാമനായി പരിഗണിക്കപ്പെണ്ടേവരായി നിലവിൽ ഉണ്ട്. അതുകൊണ്ട് തന്നെ ഗിരിജാകുമാരി സ്വതന്ത്ര നിലപാടുമായി കൗൺസിലിൽ ഇരിക്കും എന്നാണ് സൂചന. ഏ.സി മണിയമ്മയുടെ നിലപാടാകും ഇനി യു.ഡി.എഫ് കേവല ഭൂരിപക്ഷവുമായി ഭരിക്കണൊ എന്ന് തീരുമാനിക്കുക. അങ്ങനെയെങ്കിൽ പിന്തുണക്കുള്ള മണിയമ്മയുടെ ഡിമാൻ്റും നിർണ്ണായകമാവും. കേവല ഭൂരിപക്ഷത്തിനായി സ്വന്തം അംഗങ്ങളെ ബലികഴിച്ച് നഗരസഭ ഭരണ സമിതിയുടെ രണ്ടാം സ്ഥാനം വിട്ടുകൊടുക്കാൻ കോൺഗ്രസ് തീരുമാനിക്കുമോ എന്നാണ് അറിയേണ്ടത്. ഇനി നേതൃത്വം അങ്ങനെ ഒരു തീരുമാനമെടുത്താൽ കോൺഗ്രസിലും അവരുടെ നഗരസഭ അംഗങ്ങളിൽ നിന്നുതന്നെ പ്രതിഷേധമുയരാനുള്ള ന്ധാധ്യതയും ഏറെയാണ്.