വൈക്കം സമൂഹം സന്ധ്യവേല നാളെ
വൈക്കം: വൈക്കത്തഷ്ടമിയുടെ മുന്നോടിയായി വൈക്കം സമൂഹം ക്ഷേത്രത്തിൽ നടത്തി വരുന്ന സന്ധ്യവേല 26 ന് നടക്കും. വൈക്കം സമൂഹത്തിന്റെ സന്ധ്യ വേലയുടെയാണ് സമൂഹ സന്ധ്യ വേല ആരംഭിക്കുന്നത്. സന്ധ്യ വേല നാളിൽ രാവിലെയും വൈകിട്ടും ആനപ്പുറത്ത് എഴുന്നള്ളിപ്പും ഉണ്ടാവും. വൈകിട്ട് ദീപാരധനക്ക് ശേഷമാണ് ഒറ്റപ്പണം സമർപ്പണം. ബലിക്കൽ പുരയിൽ വെള്ള പട്ടു വിരിച്ചു സമൂഹം സെക്രട്ടറി കെ.സി. കൃഷ്ണമൂർത്തി ഒറ്റപണ സമർപ്പണത്തിന് സമൂഹത്തിന്റെ ആദ്യ അംഗമെന്ന നിലയിൽ വൈക്കത്തു പെരും തൃക്കോവിലപ്പൻ, ഉദയനാപുരത്തപ്പൻ, തന്ത്രി കിഴക്കിനേടത്ത് മേക്കാട്ട് ഇല്ലം, തന്ത്രി ഭദ്രകാളി മറ്റപ്പള്ളി ഇല്ലം മേൽശാന്തി തരണി ഇല്ലം, കിഴ്ശാന്തിമാർ, പടിഞ്ഞാറെടത്ത് ഇല്ലത്ത് മൂസത്, കിഴക്കേടത്ത് മൂസത്, പട്ടോലക്കാർ, കിഴിക്കാർ എന്നിവരെ പേരു വിളിച്ച് ക്ഷണിക്കും. സമർപ്പിച്ച പണം കിഴിയാക്കി തലച്ചുമടായി എടുത്ത് വേദമന്ത്രോച്ചാരണങ്ങളോടെ ക്ഷേത്രത്തിന് ഒരു പ്രദക്ഷിണം വച്ച് കിഴി പണം എണ്ണി തിട്ടപ്പെടുത്തി ദേവസ്വത്തിന് കൈമാറും. പിന്നിട് ആ കിഴി പണത്തിൽ നിന്നു ഒരു പണം എടുത്തു് കിഴിയായി സൂക്ഷിക്കും ഇത് അടുത്ത സന്ധ്യവേലയുടെ പ്രാരംഭ ചടങ്ങുകൾക്ക് ഉപയോഗിക്കും. സന്ധ്യ വേലയുടെ ഭാഗമായി ഇന്ന് വൈകിട്ട് 6.30 ന് വൈക്കം ക്ഷേത്രത്തിലും സമൂഹത്തിലും നിറപറ അളക്കുന്ന ചടങ്ങും നടന്നു. സമൂഹത്തിൽ ആചാരപ്രകാരം ഒറ്റപ്പണ സമയത്ത് വിളിക്കുന്ന രീതിയിൽ ഒരോരുത്തരുടെയും പേര് വിളിച്ചാണ് നിറപറ നടത്തുന്നത്. ചടങ്ങിൽ സമൂഹം ഭാരവാഹികളായ കെ.സി. കൃഷ്ണമൂർത്തി, പി. ബാലചന്ദ്രൻ, രാമനാഥൻ, ഗോപാലകൃഷ്ണൻ ഇരുമ്പൂഴികുന്നു മഠം എന്നിവർ നേതൃത്യം നൽകി. 28ന് കന്നട സമൂഹവും 29 ന് തമിഴ് വിശ്വബ്രഹ്മ സമാജവും 30 ന് വടയാർ സമൂഹവും സന്ധ്യ വേല നടത്തും.