🔴 BREAKING..

വൈക്കം താലുക്ക് എൻ.എസ്.എസ് യൂണിയൻ നായർ മഹാസമ്മേളനം സെപ്തംബർ 13 ന്

വൈക്കം താലുക്ക് എൻ.എസ്.എസ് യൂണിയൻ നായർ മഹാസമ്മേളനം സെപ്തംബർ 13 ന്

വൈക്കം: താലുക്ക് എൻ എസ് എസ് യൂണിയൻ സെപ്തംബർ 13 ന് നടത്തുന്ന മഹാസമ്മേളനത്തിന് മുന്നോടിയായി  28,29 തീയതികളിൽ  വിളംബര രഥ ഘോഷയാത്ര നടത്തും. 28 ന് രാവിലെ 8 30 ന് വൈക്കം വടക്കേ കവലയിലുള്ള മന്നം പ്രതിമയോടനുബന്ധിച്ച് നടക്കുന്ന ചടങ്ങിൽ യണിയൻ  ചെയർമാൻ പി.ജി.എം. നായർ കാരിക്കോട് രഥയാത്ര ഉദ്ഘാടനം ചെയ്യും. വൈസ് ചെയർമാൻ പി. വേണുഗോപാൽ അദ്ധ്യക്ഷത വഹിക്കും. തുടർന്ന് ടി.വി. പുരം പഞ്ചായത്തിലെ പള്ളിപ്പുറത്തുശ്ശേരി, തലയാഴം, വെച്ചൂർ, കല്ലറ, മാഞ്ഞൂർ, ഞീഴൂർ പഞ്ചായത്തുകളിലെ വിവിധ കരയോഗങ്ങളിലെ പ്രധാന ഭാഗങ്ങളിലെ  സ്വീകരണങ്ങൾക്കു ശേഷം  വൈകിട്ട് 6 30 ന്  കടുത്തുരുത്തി ജംഗ്ഷനിൽ സമാപിക്കും. 29 ന് രാവിലെ 8.30 ന്  മുളക്കുളം പഞ്ചായത്തിലെ കീഴൂർ പ്ലാച്ചുവട് ജംഗ്ഷനിൽ നിന്നും ആരംഭിക്കുന്ന രഥ ഘോഷയാത്ര മുളക്കുളം, വെള്ളൂർ, ചെമ്പ്, തലയോലപ്പറമ്പ്, മറവന്തുരുത്ത്, ഉദയനാപുരം പഞ്ചായത്തുകളിലെ സ്വീകരണത്തിനു ശേഷം  വൈകിട്ട് 6.30 ന് വൈക്കം ബോട്ട് ജെട്ടി മൈതാനിയിൽ  സമാപിക്കും. 13 പഞ്ചായത്തുകളിലും വൈക്കം മുനിസിപ്പാലിറ്റിയിലുമായി അൻപത് കേന്ദ്രങ്ങളിലാണ് സ്വീകരണം ഒരുക്കിയിരിക്കുന്നത്.

സെപ്തംബർ 2 ന് ദീപം തെളിക്കും.

മന്നത്ത് പത്മനാഭൻ്റെ ജന്മനാളായ മൂലം നക്ഷത്രത്തിൽ സെപ്തംബർ രണ്ടിന് 97 കരയോഗങ്ങളിലും രാവിലെ 9 ന് പതാക ഉയർത്തും. അന്ന് വൈകിട്ട് കരയോഗങ്ങൾ, കരയോഗങ്ങളുടെ  ക്ഷേത്രങ്ങൾ, താലൂക്കിലെ മുഴുവൻ കരയോഗ ഭവനങ്ങളിലും ദീപാലങ്കാരം നടത്തും. 

ബീച്ച് മൈതാനിയിൽ സെപ്തംബർ 9 ന് പതാക ഉയരും.

സെപ്തംബർ 9 ന് രാവിലെ 8 30 ന് വലിയ കവലയിൽ മന്നത്തു പത്മനാഭന്റെ  പ്രതിമയിലും വൈക്കം യൂണിയൻ്റെ ആദ്യ പ്രസിഡൻ്റായിരുന്ന വി.കെ. വേലപ്പൻ്റെ സ്മൃതി മണ്ഡപത്തിലും പുഷ്പാർച്ചന നടത്തും. വൈക്കം യൂണിയനിലെ ആദ്യ കരയോഗമായ 302-ാം നമ്പർ കടുത്തുരുത്തി എൻ.എസ്.എസ് കരയോഗത്തിൽ നിന്നാണ് പതാക ഘോഷയാത്ര ആരംഭിക്കുന്നത്. യൂണിയൻ ചെയർമാൻ പി.ജി.എം. നായർ കാരിക്കോട് ഉദ്ഘാടനം ചെയ്യും. മുൻ യൂണിയൻ പ്രസിഡൻ്റ് കെ.എൻ. നാരായണൻ നായരുടെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനക്ക് ശേഷം മുതിർന്ന കരയോഗാംഗങ്ങളായ ഇ.വി. രാധാകൃഷ്ണൻ നായർ, എൻ.കെ. രാജശേഖരൻ നായർ എന്നിവർ ചേർന്ന്‌ പതാക കൈമാറും. മന്നത്തിന്റെ ഛായാചിത്രം 2579-ാം നമ്പർ മുളക്കുളം എൻ.എസ്.എസ് കരയോഗത്തിൽ നിന്ന് പ്രയാണം ആരംഭിക്കും. മുൻ യൂണിയൻ പ്രസിഡൻ്റ് വി. നീലകണ്ഠപിള്ളയുടെ ഛായാചിത്രത്തിൽ പുഷ്പാർചന നടത്തിയ ശേഷം യൂണിയൻ കമ്മിറ്റി അംഗം എൻ. മധു യാത്ര ഫ്ലാഗ് ഓഫ് ചെയ്യും. മുതിർന്ന കരയോഗാംഗം എൻ.പി. വിശ്വംഭരൻ നായർ ഛായാചിത്രം കൈമാറും. കൊടിമര ഘോഷയാത്ര മുൻ യൂണിയൻ പ്രസിഡൻ്റ് എ.കെ. ഭാസ്ക്കരൻ നായരുടെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയ്ക്ക് ശേഷം വടയാറിൽ നിന്ന് യൂണിയൻ കമ്മിറ്റി അംഗം പി.എസ്. വേണുഗോപാൽ ഉദ്ഘാടനം ചെയ്യും. മുതിർന്ന കരയോഗാംഗം അഡ്വ സി.പി.ജി. കെ. നായർ കൊടിമരം കൈമാറും. ചട്ടമ്പിസ്വാമിയുടെ ഛായാചിത്ര ഘോഷയാത്ര 813-ാം നമ്പർ ചെമ്പ് എൻ.എസ്.എസ് കരയോഗത്തിൽ നിന്ന് ആരംഭിക്കും. മുൻ യൂണിയൻ പ്രസിഡൻ്റ് അഡ്വ കെ. നാരായണപ്പണിക്കരുടെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയ്ക്ക് ശേഷം ആരംഭിക്കുന്ന ഘോഷയാത്ര യൂണിയൻ സെക്രട്ടറി അഖിൽ. ആർ. നായർ ഫ്ലാഗ് ഓഫ് ചെയ്യും. കൊടിക്കയർ യാത്ര വെച്ചൂർ മേഖലയിൽ നിന്ന് മുൻ യൂണിയൻ പ്രസിഡൻ്റ് എൻ. കൃഷ്ണപിള്ളയുടെ ഛായാചിത്രത്തിൽ പുഷ്പാർച്ചനയ്ക്ക് ശേഷം യൂണിയൻ വൈസ് ചെയർമാൻ പി. വേണുഗോപാൽ ഉദ്ഘാടനം ചെയ്യും. ഉച്ചക്ക് 2 ന് വൈക്കം വലിയ കവലയിൽ സംഗമിക്കുന്ന ഘോഷയാത്രകൾ വിവിധ വാദ്യമേളങ്ങളുടെയും ബൈക്കു റാലിയുടെയും നിരവധി വാഹനങ്ങളുടെയും അകമ്പടിയോടെ ബീച്ച് മൈതാനിയിലെത്തി പതാക ഉയർത്തും.

മഹാ സമ്മേളനം 13 ന്

സെപ്തംബർ 13 ന് നടക്കുന്ന നായർ മഹാസമ്മേളനത്തിന് മുന്നോടിയായി ഉച്ചയ്ക്ക് 2 മണിക്ക് നടക്കുന്ന ശക്തി പ്രകടനത്തിൽ 97 കരയോഗങ്ങളിൽ നിന്നായി ഏകദേശം കാൽ ലക്ഷം അംഗങ്ങൾ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു. ഒരു വർഷം മുമ്പ് ആരംഭിച്ച മന്നം നവോത്ഥാന സൂര്യൻ പരിപാടിയുടെ സമാപന സമ്മേളനവും  യൂണിയൻ്റെ നവതി ആഘോഷങ്ങളുടെ ഉദ്ഘാടനവും  നിർവ്വഹിക്കുന്ന യോഗത്തിൽ എൻ.എസ്.എസിൻ്റെ  നേതാക്കൾ പങ്കെടുക്കും.