വൈക്കം-വെച്ചൂര്‍ റോഡ് ഭൂമി ഏറ്റെടുക്കൽ നടപടി അവസാന ഘട്ടത്തിൽ: സി.കെ. ആശ എം.എല്‍.എ.
വൈക്കം: വൈക്കം-വെച്ചൂര്‍ റോഡ് വികസനത്തിനാവശ്യമായ ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് നടപടിക്രമങ്ങള്‍ അവസാന ഘട്ടത്തിലെന്ന് സി.കെ. ആശ എം.എല്‍.എ. റോഡ് നിര്‍മാണവുമായി ബന്ധപ്പെട്ട് രൂപീകരിച്ച ജനകീയ സമിതി യോഗത്തില്‍ പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കുകയായിരുന്നു എം.എല്‍.എ. റോഡ് വികസനവുമായി ബന്ധപ്പെട്ട് ഭൂമി ഏറ്റെടുക്കുന്നതിനായി കിഫ്ബിയില്‍ നിന്നും അനുവദിച്ച 85. 77 കോടി രൂപ കേരള റോഡ് ഫണ്ട് ബോര്‍ഡ് മുഖാന്തിരം കിഫ്ബിയുടെ ഭൂമി ഏറ്റെടുക്കല്‍ ഓഫീസിന് കൈമാറിക്കഴിഞ്ഞതായും ഭൂമി ഏറ്റെടുക്കുന്നതിനുള്ള അവസാന നടപടിക്രമമായ ഭൂമി ഏറ്റെടുക്കല്‍ പുനരധിവാസ (കെഎല്‍എല്‍ആര്‍ആര്‍) നിയമപ്രകാരമുള്ള വിജ്ഞാപനം തയ്യാറായി വരുകയാണെന്നും എം.എൽ.എ. പറഞ്ഞു. ഗസറ്റ് വിജ്ഞാപനം വന്നു കഴിഞ്ഞാല്‍ 30 ദിവസത്തെ നോട്ടീസ് നല്‍കി ഭൂമി ഏറ്റെടുക്കുന്ന 963 ഭൂവുടമകളെയും നേരില്‍ കേട്ട് ബന്ധപ്പെട്ട രേഖകള്‍ പരിശോധിച്ചതിനു ശേഷം ഭൂമി വില കൈമാറാനാകുമെന്നും എം.എല്‍.എ. യോഗത്തില്‍ വിശദീകരിച്ചു. ഉല്ലല ശിവരഞ്ജിനി ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന യോഗത്തില്‍ ജനകീയ സമിതി ചെയര്‍മാന്‍ പി.സുഗതന്‍ അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ അഡ്വ. കെ.കെ രഞ്ജിത്ത്, തലയാഴം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രമേഷ് പി. ദാസ്, കയര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ കെ.കെ. ഗണേശന്‍, തലയാഴം ഗ്രാമപഞ്ചായത്ത് പ്ലാനിങ് ബോര്‍ഡ് അംഗം എം.ഡി. ബാബുരാജ്, ജനപ്രതിനിധികള്‍, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍, കെ.ആര്‍.എഫ്.ബി., കിഫ്ബി ഉദ്യോഗസ്ഥര്‍ അടക്കമുള്ളവർ യോഗത്തില്‍ പങ്കെടുത്തു.