|
Loading Weather...
Follow Us:
BREAKING

വൈക്കം-വെച്ചൂര്‍ റോഡ് വികസനം: ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ അന്തിമഘട്ടത്തില്‍

വൈക്കം: കിഫ്ബി ധനസഹായത്തോടെ ആധുനിക നിലവാരത്തില്‍ നിര്‍മിക്കുന്ന വൈക്കം-വെച്ചൂര്‍ റോഡിന്റെ ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ അന്തിമഘട്ടത്തിലേക്ക്. തലയാഴം ഗ്രാമപഞ്ചായത്ത് തോട്ടകം മുതല്‍ കൈപ്പുഴമുട്ട് വരെയുള്ള 12.5 കിലോ മീറ്റര്‍ റോഡ് 13 മീറ്റര്‍ വീതിയില്‍ നിര്‍മിക്കുമ്പോള്‍ 6.13 ഹെക്ടര്‍ വസ്തുവാണ് ഏറ്റെടുക്കുന്നത്. 963 കൈവശക്കാരുടെ പക്കലായിരിക്കുന്ന ഭൂമിയാണ് ഏറ്റെടുക്കുന്നത്. തോട്ടകം-തലയാഴം പഞ്ചായത്ത്, തലയാഴം പഞ്ചായത്ത്-ഇടയാഴം, ഇടയാഴം-കൈപ്പുഴമുട്ട് എന്നിങ്ങനെ മൂന്നു റീച്ചുകളായി തിരിച്ചാണ് ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ നടക്കുന്നത്. ഇതില്‍ ഒന്നാം റീച്ചുമായി ബന്ധപ്പെട്ട് തോട്ടകം മുതല്‍ തലയാഴം പഞ്ചായത്ത് വരെയുള്ള 275 കൈവശക്കാരെ നേരില്‍ കേട്ടു ഭൂമി വില കൈമാറാനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണ്. രണ്ടാം റീച്ചായ തലയാഴം പഞ്ചായത്ത് മുതല്‍ ഇടയാഴം ജങ്ഷന്‍ വരെയുള്ള 285 കൈവശക്കാരെ നവംബര്‍ മാസം 17 മുതല്‍ മറവന്‍തുരുത്ത് എല്‍.എ. കിഫ്ബി സ്‌പെഷ്യല്‍ തഹസില്‍ദാരുടെ ഓഫീസില്‍ വച്ച് നേരില്‍ കേട്ടു രേഖകള്‍ പരിശോധിക്കും. ഇത് പൂര്‍ത്തിയാക്കുന്ന മുറക്ക് മൂന്നാം റീച്ചിലെ ഹിയറിങ് നടപടികളും തുടര്‍ന്നു നടക്കും. ഇതിന് സമാന്തരമായി ഒന്നാം റീച്ചിലെ ഹിയറിങ് പൂര്‍ത്തീകരിച്ച ഭൂവുടമകളില്‍ ഭൂമി ഏറ്റെടുത്ത് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ കഴിയും. വൈക്കം-വെച്ചൂര്‍ റോഡിലെ നിലവിലുള്ള അട്ടാറ പാലം ബലക്ഷയത്തെ തുടര്‍ന്ന് പൂര്‍ണമായും പൊളിച്ച് പണിയാനും മറ്റു നാലു പാലങ്ങള്‍ 13 മീറ്ററിലേക്ക് വീതി കൂട്ടിയുമുള്ള നിര്‍മാണമാണ് റോഡ് വികസനവുമായി ബന്ധപ്പെട്ട് തീരുമാനിച്ചിട്ടുള്ളത്. ഭൂമി ഏറ്റെടുക്കുന്നതിനു മാത്രമായി 85.77 കോടി രൂപ അടക്കം 157 കോടി രൂപയ്ക്കാണ് ആദ്യഘട്ടത്തില്‍ കിഫ്ബിയില്‍ നിന്നും സാമ്പത്തിക അനുമതി ലഭിച്ചിരുന്നത്. പിന്നീട് നിര്‍മാണചെലവുകള്‍ പുതുക്കിയ 2021 നിരക്കിലേക്ക് മാറുമ്പോഴുണ്ടാകുന്ന അധിക ചിലവുകളും, സര്‍വീസ് റോഡുകള്‍ക്കായുള്ള അധിക ഭൂമി ഏറ്റെടുക്കല്‍, പാലം നിര്‍മാണം അടക്കം ആവശ്യമുള്ള 253 കോടി രൂപയുടെ പുതുക്കിയ ഡി.പി.ആര്‍ കേരള റോഡ് ഫണ്ട് ബോര്‍ഡ് അധികൃതര്‍ കിഫ്ബിക്ക് സമര്‍പ്പിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച് കിഫ്ബിയുടെ തിരുവനന്തപുരം ഓഫീസില്‍ എം.എല്‍.എയുടെ സാന്നിധ്യത്തില്‍ സംയുക്ത യോഗം ചേര്‍ന്നിരുന്നു. അടുത്ത കിഫ്ബി യോഗത്തില്‍ റോഡ് വികസനത്തിന് ആവശ്യമായ തുക അനുവദിക്കുമെന്ന് ഉറപ്പു ലഭിച്ചതായി സി.കെ ആശ എം.എല്‍.എ അറിയിച്ചു.