വൈക്കംകാരി ദിയ ഇനി സായി ഹോക്കി താരം
എസ്. സതീഷ്കുമാർ
വൈക്കം: ഹോക്കിയിലെ മികവിൽ ഇൻഡ്യൻ സ്പോർട്ട്സ് അതോറിറ്റിയിൽ രണ്ടാംഘട്ട പഠന, കായിക പരിശീലനത്തിന് കേരളത്തിൽ നിന്ന് അർഹതനേടിയ ഒരു മിടുക്കിയുണ്ട് വൈക്കം ചാലപ്പറമ്പിൽ. വടക്കേനട സർക്കാർ സ്കൂളിലെ ഒൻമ്പതാം ക്ലാസ്സുകാരിയും ചാല പറമ്പ് കിഴക്കെ പെരുംമ്പളളിത്തറ സനീഷ് കുമാറിൻ്റെയും ദീപയുടെയും മകളുമായ ദിയ സനീഷ് ആണ് ആ താരം.
സായി കേരള വിഭാഗത്തിൽ തമിഴ്‌നാട്, കേരളം, ലക്ഷദ്വീപ്, പോണ്ടിച്ചേരി എന്നിവടങ്ങളിൽ നിന്ന് പങ്കെടുത്ത കുട്ടികളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട മൂന്ന് പേരിൽ ഒരു വിദ്യാർത്ഥിയാണ് ദിയ എന്ന് കൂടി അറിയണം. സായിയുടെ കീഴിൽ കൊല്ലം എൻ.എൻ. ട്രസ്റ്റ് ഹയർസെക്കൻ്ററി സ്കൂളിൽ ജൂലൈ 13 ന് തിങ്കളാഴ്ച ദിയ പഠനവും കായിക പരിശീലനവും തുടങ്ങും. പ്ലസ് ടു വരെ സൗജന്യമായാണ് ദിയയുടെ പഠനവും മികച്ച കായിക പരിശീലനവും കൊല്ലം സായിയുടെ കീഴിൽ ഇനി ഇവിടെ നടക്കുന്നത്. രണ്ടുവർഷം മുമ്പാണ് സ്കൂളിൽ ജോമോൻ ജേക്കബ് എന്ന കായിക പരിശീലകന്റെ കീഴിൽ ദിയ ഹോക്കി പരിശീലനം തുടങ്ങിയത്. കളിയിലെ മികവും താൽപര്യവും കണ്ട് മാതാപിതാക്കളും ദിയക്ക് ഒപ്പം നിന്നു. തുടർന്നാണ് സുഹൃത്തുവഴി കണ്ട പത്ര പരസ്യം മുഖേന അപേക്ഷ നൽകിയത്.

മാസങ്ങൾക്കു മുമ്പ് നടന്ന സായിയുടെ ഇൻറർവ്യൂവിലും കായിക ക്ഷമത പരിശീലനത്തിലും ഹോക്കിയിലും മുന്നിട്ടുനിന്ന പ്രകടനമാണ് ദിയയെ ഇത്തവണ സായിയിൽ പ്രവേശനം ലഭിച്ച സംസ്ഥാനത്തെ ഏക വിദ്യാർഥിനിയാക്കി മാറ്റിയത്. വെള്ളൂർ സ്വദേശിയായ കാവ്യ എന്ന കായിക അധ്യാപികയുടെ പ്രത്യേക പരിശീലനത്തോടെയാണ് ദിയ കായികപരിശീലനം നടത്തിയിരുന്നത്. ദിയയുടെ അർപ്പണബോധവും പരിശീലന മികവും കായിക കേരളത്തിന് വൈക്കത്തുനിന്ന് ഒരു ഹോക്കിതാരത്തെ സമ്മാനിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് സ്കൂൾ അധികൃതരും കുടുംബവും. വടക്കേനട സ്കൂളിൽനിന്ന് ടി.സി അടക്കം വാങ്ങി കൊല്ലത്ത് സ്പോർട്ട്സ് അതോറിറ്റി ഓഫ് ഇൻഡ്യയുടെ കീഴിൽ പഠനത്തോടൊപ്പം മികച്ച കായിക താരം കൂടി ആകാനുള്ള ആവേശത്തിലും തയ്യാറെടുപ്പിലും ആണ് ദിയ സനീഷ്.
Comments ()