വൈക്കം ക്ഷേത്രക്കുളത്തിൽ മീനുകൾ ചത്തുപൊങ്ങിയിട്ടും തിരിഞ്ഞുനോക്കാതെ ദേവസ്വം ബോർഡ്; വ്യാപക പ്രതിഷേധം
വൈക്കം: വൈക്കം മഹാദേവക്ഷേത്രത്തിലെ കുളത്തിൽ മീനുകൾ ചത്തുപൊങ്ങുന്നു. ക്ഷേത്ര ഊട്ടുപുരയോട് ചേർന്നുള്ള വടക്കേ കുളത്തിലാണ് വലിയ മീനുകൾ ചത്തുപൊങ്ങുന്നത്.ഏതാനും ദിവസങ്ങൾക്കു മുമ്പാണ് പ്രദേശത്ത് നേരിയ ദുർഗന്ധം പരന്നു തുടങ്ങിയത്. എന്നാൽ കഴിഞ്ഞദിവസം കാറ്റിൽ ദുർഗന്ധം കടുത്തതോടെ പ്രദേശത്തെ വഴിയോരക്കച്ചവടക്കരടക്കം നടത്തിയ പരിശോധനയിലാണ് കുളത്തിലെ മീനുകൾ ചത്തുപൊങ്ങിയതായി കണ്ടത്. ഇതിനോട് തൊട്ടുചേർന്നാണ് ദേവസ്വം പൊതുമരാമത്ത് ഓഫീസും ഡെപ്യൂട്ടി കമ്മീഷണർ ഓഫീസും വിജിലൻസ് ഓഫീസും അടക്കം പ്രവർത്തിക്കുന്നത്. ഇവിടെയാകെ ദുർഗന്ധം വ്യാപിച്ചിട്ടും നടപടിയെടുക്കാൻ ഉദ്യോഗസ്ഥർ തയാറായിട്ടില്ല. ക്ഷേത്രത്തിൽ തൊഴാൻ എത്തുന്നവർ അടക്കം ഈ കുളത്തിലാണ് കാൽ കഴുകി ശുദ്ധി വരുത്തി ദർശനം നടത്തുന്നത്. ഊട്ടുപുരയിലെ പ്രാതലിന് ശേഷവും നിരവധി ആളുകൾ കുളത്തിലെ വെള്ളമാണ് ഉപയോഗിക്കുന്നത്.
കിഴക്കുഭാഗത്തെ തുറന്ന കടവിൽ നിരവധി നാട്ടുകാർ കുളിക്കുന്ന സ്ഥിതിയുമുണ്ട്. മീനുകൾ ദിവസങ്ങളായി ചത്ത് അഴുകി കിടക്കുന്ന ഈ കുളത്തിലെ വെള്ളമാണ് ശുദ്ധിയോടെ ക്ഷേത്രദർശനം നടത്താൻ എത്തുന്നവരടക്കം ദിവസങ്ങളായി ഉപയോഗിക്കുന്നത്. നിരവധി മീനുകളെ പക്ഷികൾ കൊത്തി കുളപടവുകളിൽ കയറ്റി വെച്ചിട്ടുമുണ്ട്. പക്ഷികൾ ഭക്ഷിച്ച മീനിന്റെ അവശിഷ്ടങ്ങളും കുളത്തിൽ ഒഴുകി നടക്കുന്ന സ്ഥിതിയാണ്. അഷ്ടമി ഉൽസവത്തിന് മുൻമ്പായി രണ്ട് ക്ഷേത്രക്കുളങ്ങൾ വൃത്തിയാക്കണമെന്ന് ദേവസ്വം ബോർഡിന് മന്ത്രിയുടെ നിർദ്ദേശവും ഉണ്ട്. എന്നിട്ടും ശുദ്ധി വേണ്ട ക്ഷേത്രക്കുളത്തിൽ മത്സ്യങ്ങൾ ദിവസങ്ങളായി ചത്ത് അഴുകി കടന്നിട്ടും നടപടി ഉണ്ടായിട്ടില്ലെന്നാണ് ആക്ഷേപം.

നാടിന് ദുരിതമായി പ്രദേശത്താകെ ദുർഗന്ധം പരന്നിട്ടും ക്ഷേത്ര ശ്രീകോവിലിന് സമീപത്തെ കുളത്തിലെ ചത്ത മീനുകളെ നീക്കാൻ പോലും ദേവസ്വം അധികൃതർ തയ്യാറായിട്ടില്ല എന്നാണ് പരാതി ഉയരുന്നത്.
Comments ()