ഡ്രഡ്ജർ പൈപ്പ് വിലങ്ങി; വൈക്കം-തവണകടവ് ബോട്ട് സർവീസ് തടസ്സപ്പെട്ടു
വൈക്കം: ബോട്ട് ചാലിൽ ഡ്രെഡ്ജറിൻ്റെ പൈപ്പ് വിലങ്ങിയതോടെ വൈക്കം - തവണകടവ് ബോട്ട് സർവീസ് ഒന്നേകാൽ മണിക്കൂർ മുടങ്ങി.
അഞ്ച് സർവീസുകളാണ് മുടങ്ങിയത്. ഉച്ച കഴിഞ്ഞ് മൂന്നരയോടെയായിരുന്നു സംഭവം. തവണക്കടവിൽ നിന്ന് യാത്രക്കാരുമായി വൈക്കത്തേക്ക് വന്ന ബോട്ടിന് ചാലിലൂടെ യാത്ര തുടരാൻ ആകാതെ വന്നതോടെ തവണക്കടവിലേക്ക് തിരികെ പോയി. എന്നാൽ പോളശല്യം കാരണം തവണക്കടവിലും ബോട്ട് അടുപ്പിക്കാനായില്ല. യാത്രക്കാരുടെ അനുവാദത്തോടെ പള്ളിപ്പുറം ജെട്ടിയിൽ ഇറക്കാൻ ശ്രമിച്ചെങ്കിലും അവിടെയും ബോട്ട് അടുപ്പിക്കാൻ സാധിച്ചില്ല.

തുടർന്ന് മണപ്പുറം ജെട്ടിയിലാണ് യാത്രക്കാരെ സാഹചര്യം പറഞ്ഞ് ബോദ്ധ്യപ്പെടുത്തി അവരുടെ അനുവാദത്തോടെ ഇറക്കിയത്. 15 മീറ്ററോളം വീതിയുള്ള ബോട്ട് ചാലിൻ്റെ ഇരുവശവും മൺതിട്ടകളായതിനാൽ ഇതിലൂടെ മാത്രമേ ബോട്ട് സർവ്വീസ് നടത്താനാവൂ. ചാലിൻ്റെ ആഴം കൂട്ടാൻ എത്തിച്ച ഡ്രഡ്ജറിൻ്റെ പൈപ്പാണ് വേർപെട്ട് ബോട്ട് ചാലിൽ വിലങ്ങനെ കിടന്നത്. ജലനിരപ്പ് ഉയർന്നാലെ ഈ പൈപ്പ് പൂർണമായി നീക്കാൻ സാധിക്കൂ. ബോട്ടിന് യാത്ര ചെയ്യാൻ കഴിയുന്ന രീതിയിൽ പൈപ്പ് നീക്കിയാണ് ബോട്ട് സർവീസ് നാലേമുക്കാലോടെ പുനസ്ഥാപിച്ചത്. തവണക്കടവിൽ പെട്ടുപോയ രണ്ടു ബോട്ടും വൈക്കത്ത് എത്തിച്ചശേഷം സർവീസ് സാധാരണഗതിയിൽ പുനരാരംഭിച്ചതായി സ്റ്റേഷൻ മാസ്റ്റർ അറിയിച്ചു. തവണക്കടവ് ബോട്ടുജെട്ടിയുടെ തെക്കുകിഴക്ക് ഭാഗത്തായാണ് ബോട്ട് ചാലിൽ ഡ്രഡ്ജറിൻ്റെ പൈപ്പ് പ്രശ്‌നം സൃഷ്ടിച്ചത്.
Comments ()