വൈക്കത്ത് ഗാർഹിക പാചക വാതക ക്ഷാമം
വൈക്കം: വൈക്കത്ത് ഗാർഹിക പാചക വാതക ക്ഷാമം രൂക്ഷമായി. ബുക്ക് ചെയ്താൽ രണ്ടുമൂന്ന് ദിവസത്തിനകം ലഭിച്ചിരുന്ന ഗ്യാസ് നിലവിൽ ലഭിക്കുവാൻ രണ്ടാഴ്ചയെടുക്കും. ഇതും നീളാനാണ് സാദ്ധ്യത. ഉദയംപേരുരിലെ ഐ.ഒ.സി. പ്ലാന്റിൽ നിന്നാണ് വൈക്കത്തെ ഏജൻസിക്ക് ഗ്യാസ് സിലണ്ടറുകൾ നല്കുന്നത്. വൈക്കത്ത് നിന്നും മാരാംവീട്, വടയാർ, ഇത്തിപ്പുഴ ഭാഗം വരെയുള്ള പതിനായിരത്തിൽ പരം വീടുകളിലാണ് വിതരണം നടത്തി വരുന്നത്. ദിവസേന 600 ലധികം പേർ ഗ്യാസ് ബുക്ക് ചെയ്യുന്നുണ്ട്. എന്നാൽ നിത്യേന 324 സിലണ്ടറുള്ള ഒരു ലോഡ് മാത്രമാണ് വൈക്കത്തെ ഏജൻസിക്ക് ലഭിക്കുന്നത്. കഴിഞ്ഞ ദിവസം ഏകദേശം 2000 വീടുകൾക്കാണ് സിലണ്ടറുകൾ നൽകേണ്ടിയിരുന്നത്. എന്നാൽ പാചക വാതക ക്ഷാമം പുറത്തായതോടെ ബുക്കിക്ക് 6000 ത്തിലധികമായാതായി വൈക്കത്തെ ഏജൻസി ഉടമ ആർ. പ്രസന്നൻ പറഞ്ഞു. ഉദയംപേരൂർ പ്ലാന്റിൽ നിന്നും 150 ലോഡ് വിവിധ ഏജൻസികൾക്കായി നല്കിയിരുന്നത് ഏകദേശം 60 ലോഡായി ചുരുക്കി. ഇതോടെയാണ് ഗ്യാസിന് ക്ഷാമം തുടങ്ങിയത്. നിലവിൽ ആദ്യമാദ്യം ബുക്കു ചെയ്തവർക്കാണ് വൈക്കത്ത് വിതരണം ചെയ്തു വരുന്നത്.