വൈക്കത്ത് ലഹരിമരുന്നുമായി മൂന്നു പേർ പിടിയിൽ
വൈക്കം: വൈക്കത്ത് എം.ഡി.എം.എയും ഹാഷിഷ് ഓയിലുമായി യുവതിയടക്കം മൂന്നു പേരെ പോലീസ് പിടികൂടി. കർണാടക സ്വദേശികളും തമിഴ്നാട് ഇടയൻ ചാവടി യൂണിവേഴ്സൽ ഫാം ഹൗസിൽ താമസക്കാരുമായ നിർമ്മൽ സെബാസ്റ്റ്യൻ (34), അജയ ശരൺ വേലപ്പാ (29), ഹോസാന വിശ്വരാജ് (30) എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്നും 3.93 ഗ്രാം ഹാഷിഷ് ഓയിലും 1.70 ഗ്രാം എം.ഡി.എം.എയും കണ്ടെടുത്തു. ഇതിൽ പിടിച്ചെടുത്ത എം.ഡി.എം.എ വിദേശ രാജ്യങ്ങളിൽ വൻ തുകയ്ക്ക് വിൽക്കപ്പെടുന്ന മുന്തിയ ഇനമാണെന്നാണ് പോലീസിൻ്റെ നിഗമനം. ബാംഗ്ലൂർ, മുംബൈ,കൊച്ചി തുടങ്ങിയ വൻ നഗരങ്ങളിൽ പാർട്ടികളിൽ ഉപയോഗിച്ചു വരുന്നതരത്തിലുള്ള എം.ഡി.എം.എ. കേരളത്തിൽ നിന്നു അപൂർവമായി മാത്രമേ പിടികൂടിയിട്ടുള്ളുവെന്ന് പോലീസ് പറഞ്ഞു. ബാംഗ്ലൂരിൽ ജനിച്ചു വളർന്ന ഹോസാന വൈക്കം ടി.വി. പുരത്തുള്ള പിതാവിന്റെ വീട്ടിൽ സുഹൃത്തുക്കളുമായി ബുധനാഴ്ച എത്തിയതായിരുന്നു. ഇന്നലെ ഉച്ചയോടെ വൈക്കത്തെത്തിയ ഇവർ വൈക്കം കെ.എസ്.ആർ.ടി.സി സ്റ്റാൻ്റിന് സമീപത്തുള്ള വസ്ത്രാലയത്തിൽ കയറി വസ്ത്രങ്ങൾ വാങ്ങിയശേഷം കർണ്ണാടക രജിസ്ട്രേഷനിലുള്ള സ്കോഡ കാറിൽ സഞ്ചരിക്കുന്നതിനിടയിൽ സംശയം തോന്നി പോലീസ് ഡാൻസാഫ് ടീം നടത്തിയ പരിശോധനയിലാണ് ഗുളിക രൂപത്തിലുള്ള എം.ഡി.എം.എയും ഹാഷിഷ് ഓയിലും കാറിൻ്റെ ഡിക്കിയിൽ നിന്ന് കണ്ടെടുത്തത്. ലഹരി വസ്തുക്കൾ ഉപയോഗിക്കുന്നതിനായി വാങ്ങി ഇവർ കാറിൽ സൂക്ഷിച്ചതായിട്ടാണ് സൂചന. പോലീസ് മേൽനടപടികൾ സ്വീകരിച്ച് വരികയാണ്.