|
Loading Weather...
Follow Us:
BREAKING

വൈക്കത്ത് മൊബൈൽ ഷോപ്പ് കുത്തിതുറന്ന് 5 ലക്ഷം രൂപയുടെ മോഷണം: 4 പേർ പിടിയിൽ

വൈക്കത്ത് മൊബൈൽ ഷോപ്പ് കുത്തിതുറന്ന് 5 ലക്ഷം രൂപയുടെ മോഷണം: 4 പേർ പിടിയിൽ

വൈക്കം: വൈക്കം കച്ചേരിക്കവലയിൽ മൊബൈൽ ഷോപ്പിൽ നിന്നും പ്രമുഖ കമ്പനികളുടെ 17 ഫോണുകൾ മോഷണം നടത്തിയ സംഭവത്തിൽ 4 അംഗ സംഘത്തെ പോലീസ് പിടികൂടി. വൈക്കം തോട്ടകം സ്വദേശി ആഭിനേശൻ (18), തോട്ടകം സ്വദേശി സുധിമോൻ (21), കടുത്തുരുത്തി പൂഴിക്കോൽ സ്വദേശി മർക്കോസ് (20), ചേർത്തല പള്ളിപ്പുറം സ്വദേശി തമ്പുരാൻ (24) എന്നിവരാണ് പിടിയിലായത്. വൈക്കം കച്ചേരിക്കവലയിൽ വൈക്കം സ്വദേശിയായ അഭിലാഷിൻ്റെ ഉടമസ്ഥതയിലുള്ള എ.ജെ. കമ്യൂണിക്കേഷൻ എന്ന സ്‌ഥാപനത്തിൽ നിന്നും വ്യാഴാഴ്ച പുലർച്ചെ 3 മണിയോടെയാണ് മോഷണം നടത്തിയത്. ഹെൽമറ്റും ഓവർ കോട്ടും ധരിച്ച് ഷട്ടറിന്റെ പൂട്ട് തകർന്ന് അകത്ത് കടന്ന മോഷ്‌ടാക്കൾ ഷോക്കേസിൽ വച്ചിരുന്ന ഫോണുകൾ അപഹരിച്ച് കടന്ന് കളയുകയായിരുന്നു. ബൈക്കിൽ എത്തിയ സംഘത്തിലെ രണ്ടാളകളാണ് അകത്ത് കടന്നത്. രാവിലെ ഉടമ സ്‌ഥാപനം തുറക്കാൻ എത്തിയപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്. തുടർന്ന് വൈക്കം പോലീസിൽ പരാതി നൽകുകയായിരുന്നു. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുന്നതിനിടെയാണ് പ്രതികളെന്ന് സംശയിക്കുന്ന ഇവർ എറണാകുളം സെൻട്രൽ സ്‌റ്റേഷനിലെ പോലീസിൻ്റെ പിടിയിലായത്. കൊച്ചി പെൻ്റാ മേനകയിലെ ഐമാജിക് എന്ന ഷോപ്പിൽ ഫോണുകൾ വിൽക്കാൻ എത്തിയപ്പോൾ സംശയം തോന്നിയ സ്‌ഥാപന ഉടമ ചോദ്യം ചെയ്‌തപ്പോൾ പ്രതികൾ ഇറങ്ങിയോടുകയായിരുന്നു. തുടർന്ന് കടയിലുണ്ടായിരുന്ന ജീവനക്കാരും കടയുടമയും പോലീസ് സംഘവും ചേർന്ന് പ്രതികളെ പിടികൂടി. മോഷ്ട്ടാക്കൾ വൈക്കത്ത് മോഷണം നടത്തുന്നതിന് മുമ്പ് കാട്ടിക്കുന്നിലുള്ള മറ്റൊരു മൊബൈൽ ഷോപ്പിലും മോഷണശ്രമം നടത്തിയിരുന്നു. കട തുറന്ന് അകത്ത് കയറിയെങ്കിലും അവിടെ മൊബൈലുകൾ ഇല്ലാതിരുന്നതിനാൽ കടന്ന് കളയുകയായിരുന്നു. വൈക്കം പോലീസ് എറണാകുളത്ത് നിന്നും പ്രതികളെ കൊണ്ടുവരുന്നതിനായി പോയി. ഇവരെ ചോദ്യം ചെയ്തെങ്കിലെ മോഷണം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ലഭിക്കു.