🔴 BREAKING..

വൈക്കത്ത് നിയന്ത്രണം വിട്ട കാർ ഓട്ടോയിലും സമീപത്തെ ബേക്കറിയിലും ഇടിച്ചു കയറി

വൈക്കത്ത് നിയന്ത്രണം വിട്ട കാർ ഓട്ടോയിലും സമീപത്തെ ബേക്കറിയിലും ഇടിച്ചു കയറി
വല്ലകം ചേന്നംങ്കേരി വളവിൽ നിയന്ത്രണം വിട്ട കാർബേക്കറിയുടെ ഷട്ടറും ഭിത്തിയും ഇടിച്ച് തകർത്ത നിലയിൽ

വൈക്കം: വൈക്കത്ത് നിയന്ത്രണം വിട്ട കാർ ഓട്ടോസ്റ്റാൻ്റിൽ കിടന്ന ഓട്ടോയിൽ തട്ടിയ ശേഷം സമീപത്തെ ജൂവല്ലറിയുടെ മുൻവശവും അടുത്തുള്ള ബേക്കറിയുടെ ഷട്ടറും ഭിത്തിയും ഇടിച്ചു തകർത്തു. അപകടത്തിൽ ജൂവല്ലറി ഉടമ ഉൾപ്പടെ  മൂന്ന് പേർക്ക് പരിക്ക്. വല്ലകം ചേന്നംങ്കേരി വളവിൽ രാവിലെ 9.30 ഓടെയാണ് അപകടം. ജൂവല്ലറിയുടെ സമീപത്ത് പ്രവർത്തിക്കുന്ന ബാർബർ ഷോപ്പ് ഉടമയുടെ സ്ഥാപനത്തിന് മുൻവശത്ത് പാർക്ക് ചെയ്തിരുന്ന സ്കൂട്ടറും തകർന്നു. വൈക്കം ഭാഗത്ത് നിന്നും തലയോലപ്പറമ്പ് ഭാഗത്തേക്ക് പോകുകയായിരുന്ന കടുത്തുരുത്തി സ്വദേശികളായ ദമ്പതികൾ സഞ്ചരിച്ച ഇന്നോവ കാറാണ് അപകടമുണ്ടാക്കിയത്. നിയന്ത്രണം വിട്ട കാർ എതിർദിശയിലെ ഓട്ടോസ്റ്റാൻ്റിൽ കിടന്ന ഓട്ടോയിൽ തട്ടിയ ശേഷം റോഡരികിലെ മരത്തിലും ഇടിച്ച ശേഷം ജൂവല്ലറിയിലേക്കും ബേക്കറിയിലേക്കും പാഞ്ഞ് കയറുകയായിരുന്നു. നിയന്ത്രണം വിട്ട് കാർ വരുന്നത് കണ്ട് വല്ലകം സ്വദേശിനിയായ കാൽനട യാത്രക്കാരിയായ വീട്ടമ്മ ഓടി മറിയതിനാൽ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ബേക്കറിയുടെ ഷട്ടർ തകർത്ത ശേഷം ഉള്ളിലേക്ക് കയറിയ കാർ പിന്നിലെ ഭിത്തിയും ഇടിച്ച് തകർത്താണ് നിന്നത്. കാലിന് ഗുരുതരമായി പരിക്കേറ്റ ജൂവല്ലറി ഉടമ വല്ലകം ഉരുവേലിൽ സിബി ജോസിനെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സാരമായി പരിക്കേറ്റ കാർ യാത്രികരെ വൈക്കത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം കോട്ടയത്തേക്ക് മാറ്റി. കാർ ഡ്രൈവറുടെ പ്രഷർ താഴ്ന്നതാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം. ഇടിയുടെ ആഘാതത്തിൽ കാറിൻ്റെ മുൻവശം പൂർണ്ണമായി തകർന്നു. അടുത്ത ദിവസം  ഉദ്ഘാടനം നടത്തുന്നതിനായി ബേക്കറിയിൽ ഫർണ്ണീഷിംഗ് ജോലികൾ നടക്കുകയായിരുന്നു.